nss

പത്തനംതിട്ട : ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം സപ്തദിന സഹവാസ ക്യാമ്പുകൾ സമാപിച്ചു. സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്‌കൂളുകളിലാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്. 'മാലിന്യമുക്ത നവകേരളം' എന്നതായിരുന്നു ഈ വർഷത്തെ മുഖ്യആശയം. ലഹരിക്കെതിരായ പ്രതിരോധ ക്യാമ്പയിനുകൾക്കൊപ്പം വിവിധ പദ്ധതികളും പ്രവർത്തനങ്ങളും സർഗാത്മക പ്രവർത്തനങ്ങളും ക്യാമ്പുകളിൽ സംഘടിപ്പിച്ചു. 'സമന്വയം 2023' എന്ന പേരിൽ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച ക്യാമ്പുകൾ വൻ വിജയമായിരുന്നുവെന്ന് കോ ഓഡിനേറ്റർ ജേക്കബ് ജോൺ അറിയിച്ചു. മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങൾ കണ്ടെത്തി സൗന്ദര്യവൽക്കരിക്കുന്ന 'സ്‌നേഹാരാമം' പദ്ധതിയുടെ ഭാഗമായി 1457 പ്രദേശങ്ങൾ നവീകരിച്ചു. പഞ്ചായത്ത് സംവിധാനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതിയിൽ നവീകരിച്ച ഇടങ്ങളിൽ വിദ്യാർത്ഥികൾ ചുവർച്ചിത്രങ്ങളും പൂന്തോട്ടങ്ങളും ഒരുക്കി.

'ഹരിതഗൃഹം' പദ്ധതിയിലൂടെ പുനരുപയോഗമൂല്യമുള്ള വസ്തുക്കൾ ഉപയോഗിച്ച് തുണി സഞ്ചികൾ, ചവിട്ടികൾ മുതലായവ നിർമ്മിച്ച് വീടുകളിൽ നൽകി. ഏഴ് ലക്ഷം ഉൽപ്പന്നങ്ങൾ വിതരണം ചെയ്തു. മാലിന്യമുക്തം, ലഹരിവിരുദ്ധം, രക്തദാനം എന്നീ ആശയങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ 'നാടറിയാം' ജനകീയ അരങ്ങുകൾ വഴി പൊതുഇടങ്ങളിൽ നൃത്ത സംഗീതശില്പം, നാടകം, ഫ്‌ളാഷ്‌മോബ് എന്നിവ രണ്ടായിരത്തിലേറെ വേദികളിൽ അവതരിപ്പിച്ചു.

മാലിന്യമുക്ത സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പൊതു ഇടങ്ങളിൽ ക്യാൻവാസുകൾ സ്ഥാപിച്ചു. സന്നദ്ധ രക്തദാനരംഗത്ത് ഹയർ സെക്കൻഡറി എൻ.എസ്.എസ് പൊലീസിന്റെ സഹകരണത്തോടെ ഏറ്റെടുത്തിരിക്കുന്ന 'ജീവദ്യുതി പോൾബ്ലഡ്' പദ്ധതിയുടെ ഭാഗമായി വോളന്റിയർമാർ വീടുകൾ സംന്ദർശിച്ച് 'പോൾ ആപ്പ്' പരമാവധി പൊതുജനങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തു.

വയോജനങ്ങളുടെ മനസികാരോഗ്യത്തിന് മുൻതൂക്കം നൽകുന്ന 'സ്‌നേഹസന്ദർശനം' പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ വയോജനങ്ങളെ സന്ദർശിച്ചു.