kum
കുമ്പഴ വിനോദ സഞ്ചാര ഹബിന്റെ മാതൃക

16 പദ്ധതികൾക്ക് നഗരസഭയുടെ അംഗീകാരം

പത്തനംതിട്ട : നഗരത്തിന്റെ സമഗ്ര വികസനത്തിനായി തയ്യാറാക്കുന്ന പത്തനംതിട്ട മാസ്റ്റർപ്ലാനിലെ കുമ്പഴ പദ്ധതി ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ അംഗീകരിച്ചു. മാസ്റ്റർ പ്ലാനിലെ 5 പദ്ധതികളിൽ ആദ്യം നടപ്പാക്കുന്നത് ഇതാണ്. 16 പദ്ധതികളാണുള്ളത്. വിനോദ വിശ്രമ പദ്ധതികൾക്കാണ് പ്രാധാന്യം. കുമ്പഴയിലെ ഓപ്പൺ സ്റ്റേജും പരിസരവും ടൗൺ സ്‌ക്വയർ ആയി വികസിപ്പിക്കും. അച്ചൻകോവിലാറിന്റെ തീരം സൗന്ദര്യവത്കരിച്ച് കയാക്കിങ് അടക്കമുള്ള സാഹസിക വിനോദ പ്രവർത്തനങ്ങൾ നടപ്പാക്കും. നിലവിലെ തുണ്ടമൺകര കടവിൽ നിന്ന് തൂക്കുപാലം നിർമ്മിക്കാനും നിർദ്ദേശമുണ്ട്. ആറിന് അഭിമുഖമായി നടപ്പാതകൾ നിർമ്മിച്ച് വെൻഡിങ് സ്ട്രീറ്റും ഇക്കോളജിക്കൽ പാർക്കും നിർമ്മിക്കാനും പദ്ധതിയുണ്ട്. കുമ്പഴ ടൗണിനോട് ചേർന്ന് വാഹന പാർക്കിംഗിനായി മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം ഒരുക്കും.

കൗൺസിൽ അംഗീകരിച്ച പദ്ധതി ഗസറ്റിൽ വിജ്ഞാപനം ചെയ്യും. പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങളും ആക്ഷേപങ്ങളും രണ്ടുമാസത്തിനുള്ളിൽ സമർപ്പിക്കാം. നടത്തിപ്പുമായി ബന്ധപ്പെട്ട് സെമിനാർ സംഘടിപ്പിക്കും. കൗൺസിൽ യോഗത്തിൽ ജില്ലാ ടൗൺ പ്ലാനർ അരുൺ, ഡെപ്യുട്ടി ടൗൺ പ്ലാനർ നിമ്മി കുര്യൻ,അസി. ടൗൺ പ്ലാനർ വിനീത് ജി, ഡ്രാഫ്ര്‌സ്മാൻ അനീഷ് ആർ തുടങ്ങിയവർ പങ്കെടുത്തു.

------------------------

'' സ്ഥലം ഉടമകളുടെ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കും. അന്തിമ വിജ്ഞാപനം കഴിഞ്ഞാലുടൻ ഓരോ പദ്ധതിക്കും ഡി.പി. ആർ തയ്യാറാക്കും. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ കുമ്പഴയെ വിനോദ വിശ്രമ ഹബ്ബാക്കി വികസിപ്പിക്കും.

അഡ്വ. ടി സക്കീർഹുസൈൻ, നഗരസഭ ചെയർമാൻ