cherukol
ചെറുകോൽ ശ്രീ ശുഭാനന്ദ ആശ്രമത്തിൽ 12 വെള്ളിയാഴ്ച വ്രതത്തിന്റെയും ചെറുകോൽ തീർത്ഥാടനത്തിന്റെയും സമാപന ദിനത്തിൽ ആശ്രമാധിപതി ദേവാനന്ദ ഗുരുദേവൻ ഭക്തജനങ്ങളെ ആശിർവദിച്ച് അനുഗ്രഹിക്കുന്നു

മാന്നാർ : വ്രതശുദ്ധിയുടെ ധന്യതയിൽ ആത്മബോധോദയസംഘം ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിലേക്ക് ഒരാഴ്ചക്കാലമായി നടന്നു വന്ന തീർത്ഥാടനത്തിന് ഭക്തിനിർഭരമായ സമാപനം. ആശ്രമാധിപതി ദേവാനന്ദ ഗുരുദേവന്റെ അനുഗ്രഹപ്രഭാഷണത്തോടെയാണ് തീർത്ഥാടനത്തിന് സമാപനം കുറിച്ചത്. തുടർന്ന് ഉച്ചയ്ക്ക് സമൂഹസദ്യ, പ്രസാദവിതരണം എന്നീ ചടങ്ങുകൾ നടന്നു. വിദേശരാജ്യങ്ങളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഭക്തജനങ്ങൾ ഇരുമുടിക്കെട്ടുമായി ആശ്രമത്തിൽ എത്തിച്ചേർന്നിരുന്നു. പന്ത്രണ്ടു വെള്ളിയാഴ്ചകൾ തുടർച്ചയായി അനുഷ്ഠിച്ച വ്രതത്തിന് സമാപ്തിക്കുറിച്ചുകൊണ്ട് ഒരു വർഷക്കാലത്തെ പരിശുദ്ധകർമ്മഫലത്തിന്റെ പ്രതീകമായി ഇരുമുടിക്കെട്ടുകൾ ശിരസിലേന്തി ശ്രീശുഭാനന്ദ നാമസങ്കീർത്തനങ്ങൾ ആലപിച്ചുക്കൊണ്ട് സംഘമായാണ് ഭക്തജനങ്ങൾ ആശ്രമത്തിൽ എത്തിച്ചേർന്നത്. തുടർന്ന് പാപപുണ്യമാകുന്ന ഇരുമുടിക്കെട്ടുകൾ ആശ്രമത്തിൽ സമർപ്പിച്ച് പുണ്യസമ്പാദനവുമായി തിരികെ പോകുന്നതാണ് ചെറുകോൽ തീർത്ഥാടനത്തിന്റെ പ്രത്യേകത.