പത്തനംതിട്ട : ഒ.പി ബ്ലോക്കിന് സമീപം ഡോക്ടറെ കാണാൻ രോഗികൾ കാത്തിരിക്കുന്ന ഭാഗത്തെ ടിൻ ഷീറ്റ് മേൽക്കൂരയുടെ സീലിംഗ് ഇളകി വീഴുന്നത് ജനറൽ ആശുപത്രിയിൽ എത്തുന്നവരെ ഭീതിയിലാക്കുന്നു. തിങ്കളാഴ്ച രാത്രിയിലും ഇന്നലെ രാവിലെയും സീലിംഗ് ഇളകി വീണിരുന്നു. രോഗികൾ ഒാടി മാറിയതിനാൽ അപകടം ഒഴിവായി. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുമ്പിലാണ് അപകടമേൽക്കൂരയുള്ളത്. ഡ്രൈവറുടെ മുറിയും ശബരിമല വാർഡും ഇവിടെയാണ്. കഴിഞ്ഞ ആഴ്ചയിലും സീലിംഗ് ഇളകിവീണിരുന്നു.
അഞ്ച് വർഷം മുമ്പാണ് സീലിംഗ് സ്ഥാപിച്ചത്. അന്ന് നിർമ്മാണത്തിൽ അഴിമതി ആരോപണവും ഉയർന്നിരുന്നു. സീലിംഗിന്റെ നല്ലൊരു ഭാഗവും ഇളകി പോയനിലയിലാണ് ഇപ്പോൾ. ശേഷിക്കുന്ന ഭാഗവും ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിലാണിപ്പോൾ. സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫും യുവമോർച്ചയും ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിൽ ഉപരോധ സമരം നടത്തി.
എത് നിമിഷവും നിലംപൊത്താം
ഏത് നിമിഷവും അടർന്ന് വീഴാവുന്ന തരത്തിലാണ് ജനറൽ ആശുപത്രിയിലെ സീലിംഗുകൾ ഇപ്പോഴുള്ളത്. ഡോക്ടറെ കാത്തിരിക്കുന്ന സ്ഥലമായതിനാൽ ഇവ നീക്കം ചെയ്യുകയോ മറ്റുമാർഗങ്ങൾ കണ്ടെത്തിയില്ലെങ്കിലോ അപകടം സംഭവിക്കാം.
വളഞ്ഞാടുന്ന അപകടം
ആശുപത്രിയിലെ നിലവിലെ സീലിംഗ് വില്ലുപോലെ വളഞ്ഞിരിക്കുകയാണ്. ചെറിയ കാറ്റിൽ പോലും സീലിംഗ് ഇളകി വീഴുന്നുണ്ടെന്ന് രോഗികൾ പറയുന്നു. ഒ.പി ബ്ലോക്കിലെ ടോക്കൺ എടുക്കുന്ന ഭാഗത്തെ പകുതി സീലിംഗുകൾ നിലംപൊത്തി. നിലത്ത് വീണ സീലിംഗുകൾ നീക്കം ചെയ്യാത്തതും പ്രതിഷേധത്തിന് കാരണമായി. ദിവസവും അഞ്ഞൂറിലധികം രോഗികൾ ഒ.പിയിൽ മാത്രം എത്തുന്ന ആശുപത്രിയാണിത്.
ആശുപത്രിയിൽ പ്രതിഷേധം
പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ സീലിംഗ് അടർന്ന് വീണത് യു.ഡി.എഫ്, ബി.ജെ.പി പ്രതിഷേധത്തിന് കാരണമായി. ഉത്തരവാദിത്തപ്പെട്ടവരാരും സ്ഥലം പരിശോധിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ ആശുപത്രി അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന് മുമ്പിൽ കുത്തിയിരുന്നു. പ്രതിഷേധം പ്രതിപക്ഷ നേതാവ് കെ.ജാസിം കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റനീസ് മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. അഡ്വ. റോഷൻ നായർ , സിന്ധു അനിൽ, രജനി പ്രദീപ്, എൻ.എ.നൈസാം , ദീപു ഉമ്മൻ, നാസർ തോണ്ടമണ്ണിൽ, വിജയ് ഇന്ദുചൂഢൻ , അജിത് മണ്ണിൽ, അഖിൽ അഴൂർ, സി.കെ അർജുനൻ , അംബിക വേണു , ആൻസി തോമസ്, ഷാനവാസ് പെരിങ്ങമല, ബിബിൻ ബേബി, സിറാജ് ,അശോകൻ എന്നിവർ സംസാരിച്ചു.
യുവമോർച്ചാ മാർച്ച് പ്രതിഷേധം.
മന്ത്രി വീണാ ജോർജിന്റെ കെടുകാര്യസ്ഥത ആരോപിച്ചു യുവമോർച്ച ജനറൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. ജില്ലാ അദ്ധ്യക്ഷൻ നിതിൻ ശിവ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല സെക്രട്ടറി റോയി ചാങ്ങേത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം കെ.കെ.ശശി, യുവമോർച്ച ജില്ല മീഡിയ കൺവീനർ ശരത് കുമാർ, കർഷകമോർച്ച ജില്ല പ്രസിഡന്റ് ശ്യാം തട്ടയിൽ, രാഹുൽ മെഴുവേലി, രാഹുൽ, കൃഷ്ണനുണ്ണി എസ്, ജിഷ്ണു വള്ളിക്കോട് തുടങ്ങിയവർ പങ്കെടുത്തു.