kadhakali

പത്തനംതിട്ട : ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ അയിരൂർ കഥകളി ഗ്രാമത്തിൽ നടക്കുന്ന കഥകളി മേളയ്ക്ക് എട്ടിന് തിരിതെളിയും. രാവിലെ 10.30ന് അയിരൂർ ചെറുകോൽപ്പുഴ ശ്രീവിദ്യാധിരാജാ നഗറിൽ (പമ്പാ മണൽപ്പുറം) മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. അയിരൂർ കഥകളി ഗ്രാമം ഔദ്യോഗിക പ്രഖ്യാപനവും നടക്കും. കഥകളി ക്ലബ്ബ് പ്രസിഡന്റ് വി.എൻ.ഉണ്ണി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ എ.ഷിബു, മുൻ എം.എൽ.എ രാജു ഏബ്രഹാം, അയിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ, ജില്ലാ ഇന്റഫർമേഷൻ ഓഫീസർ ശ്രീകാന്ത് എം.ഗിരിനാഥ്, ടി.ആർ.ഹരികൃഷ്ണൻ, സഖറിയ മാത്യു എന്നിവർ പ്രസംഗിക്കും.

2023 ലെ ക്ലബ്ബിന്റെ നാട്യഭാരതി അവാർഡ് ചുട്ടി കലാകാരൻ കരിക്കകം ത്രിവിക്രമനും അയിരൂർ രാമൻപിള്ള അവാർഡ് കഥകളി നിരൂപകയും ഗ്രന്ഥകാരിയുമായ മിനി ബാനർജിക്കും നൽകും. വൈകിട്ട് 6.30 മുതൽ നളചരിതം ഒന്നാംദിവസം കഥകളി അരങ്ങേറും.
9ന് രാവിലെ 10ന് കഥകളി ആസ്വാദന കളരി ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് കല്യാണസൗഗന്ധികം അരങ്ങിലെത്തും. 10 ന് രാവിലെ 10.30ന് കഥകളി ആസ്വാദനകളരി ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. 10.45 ന് കഥകളി ചൊല്ലിയാട്ടം കല്യാണസൗഗന്ധികം. 11.45 മുതൽ കഥകളി നളചരിതം രണ്ടാം ദിവസം (കാട്ടാളൻ ദമയന്തി രംഗം). 6.30ന് കഥകളി ബാണയുദ്ധം (സമ്പൂർണ്ണം) അരങ്ങിലെത്തും.
11ന് രാവിലെ 10.30ന് കഥകളി ആസ്വാദന കളരി റാന്നി സെന്റ് തോമസ് കോളേജ് മലയാള വിഭാഗം പ്രൊഫസർ ഫാദർ മാത്യൂസ് വാഴക്കുന്നം ഉദ്ഘാടനം ചെയ്യും. 11ന് മുതൽ ആസ്വാദന കളരി. കഥ അബ്രഹാമിന്റെ ബലി (ബൈബിൾ കഥ). വൈകിട്ട് 6.30ന് രുഗ്മാംഗദചരിതം കഥകളി.
12 ന് രാവിലെ 10.30ന് ആസ്വാദന കളരി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനിൽകുമാർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30 ന് രാവണോത്ഭവം കഥകളി.
13 ന് രാവിലെ 10ന് ക്ലാസ്സിക്കൽ കലാമത്സരങ്ങൾ ചലച്ചിത്ര സംവിധായകൻ കവിയൂർ ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30 മുതൽ കർണ്ണശപഥം കഥകളി.
14 ന് രാവിലെ 10ന് കഥകളി ക്വിസ് മത്സരവും ചിത്രരചനാ മത്സരവും ഡോ.സുരേഷ് മനാട്ട് ഉദ്ഘാടനം ചെയ്യും. 5.30ന് മേളയുടെ സമാപന സമ്മേളനം. കേരള കലാമണ്ഡലം മുൻ വൈസ് ചാൻസിലർ പി.എൻ.സുരേഷ് ഉദ്ഘാടനം ചെയ്യും. അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ അദ്ധ്യക്ഷത വഹിക്കും. 2023ലെ പ്രൊഫ.എസ്.ഗുപ്തൻ നായർ അവർഡ് സാഹിത്യ നിരൂപകൻ ഡോ.കെ.എസ്.രവി കുമാറിനും അയിരൂർ സദാശിവൻ അവാർഡ് കഥകളി ഗായകൻ കലാമണ്ഡലം സുരേന്ദ്രനും നൽകും. വാർത്താ സമ്മേളനത്തിൽ വർക്കിംഗ് പ്രസിഡന്റ് ടി.ആർ.ഹരികൃഷ്ണൻ, മീഡിയ ചെയർമാൻ ഡോ.ബി.ഉദയനൻ, മീഡിയ കൺവീനർ ദിലീപ് അയിരൂർ എന്നിവർ പങ്കെടുത്തു.