village-
ഇപ്പോൾ വില്ലേജ് ഓഫീസ് പ്രവർത്തിച്ചു വരുന്നെ കെട്ടിടവും അങ്ങോട്ടുളള വഴിയും

ചെങ്ങന്നൂർ: അടിസ്ഥാനസൗകര്യങ്ങളില്ലാത്ത കെട്ടിടത്തിൽ നിന്ന് ചെങ്ങന്നൂർ വില്ലേജ്ഓഫീസ് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആളൊഴിഞ്ഞ പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ പുറകിൽ കിഴക്കേ മൂലയിൽ അസൗകര്യങ്ങളുടെ നടുവിലാണ് ഇപ്പോൾ ഓഫീസ് പ്രവർത്തിക്കുന്നത്. ഇവിടെ നിന്ന് വില്ലേജ് ഓഫീസ് മാറ്റി സ്ഥാപിക്കാൻ ഏറെക്കാലമായി വാടക കെട്ടിടങ്ങൾ അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ കെട്ടിടം ലഭിച്ചില്ല. എന്നാൽ ചെങ്ങന്നൂരിലെ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചുവന്നിരുന്ന ഓഫീസ് ഇവിടെ നിന്ന് മാറ്റിയിട്ട് ഒരു മാസം പിന്നിട്ടു. ഈ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടത്തിൽ വില്ലജ് ഓഫീസ് പ്രവർത്തിക്കാൻ വേണ്ട സൗകര്യങ്ങൾ ഉണ്ടെങ്കിലും വേണ്ട നാടികൾ അധികൃതർ സ്വീകരിക്കുന്നില്ല. ഒറ്റപ്പെട്ട് ഒഴിഞ്ഞ മൂലയിൽ പ്രവർത്തനം തുടരുന്ന വില്ലേജ് ഓഫീസിലേക്ക് പൊതുജനങ്ങൾക്ക് പോകാൻ തന്നെ പ്രയാസമാണ്. ആളൊഴിഞ്ഞ പഴയ താലൂക്ക് ഓഫീസിന്റെ കാടുപിടിച്ച പ്രദേശത്ത് തുരുമ്പെടുത്ത നിരവധി വാഹനങ്ങളും മറ്റ് വാഹനങ്ങളും കിടക്കുന്നതിനാൽ സ്ത്രീകൾക്കും അവരോടൊപ്പം എത്തുന്ന കുട്ടികളും വൃദ്ധരും അടക്കം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. എത്രയും വേഗം വില്ലേജ് ഓഫീസ് തൊട്ടടുത്തുള്ള മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.