കോന്നി: സെൻട്രൽ ജംഗ്ഷനിൽ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്ന ഹൈമാസ്റ്റ് ലൈറ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം.
പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിനു ശേഷം റോഡിനു വീതി കൂടിയിട്ടുണ്ട്. സെൻട്രൽ ജംഗ്ഷനിലും വീതി കൂടി. തണ്ണിത്തോട് ഭാഗത്തേക്ക് തിരിയുന്ന റോഡിന്റെ തുടക്കത്തിൽ മദ്ധ്യഭാഗത്തായാണ് ഹൈമാസ്റ്റ് ലൈറ്റ് . നീളത്തിലുള്ള അടിത്തറയിലാണ് പോസ്റ്റ്. പുനലൂർ ഭാഗത്ത് നിന്നും പത്തനംതിട്ട ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഈ ഡിവൈഡറിന്റെ ഇരുഭാഗത്തു കൂടിയാണ് പോകേണ്ടത്. പലപ്പോഴും വാഹനങ്ങൾ ഡിവൈഡറിൽ ഇടിച്ച് അപകടം ഉണ്ടാകുന്നു. ഗതാഗതക്കുരുക്കിനും ഇടയാകുന്നു.
ഹൈമാസ്റ്റ് ലൈറ്റ് മാറ്റിസ്ഥാപിക്കാൻ ശ്രമം നടത്തിയെങ്കിലും അടൂർ പ്രകാശ് എം.പി സ്ഥാപിച്ച ലൈറ്റ് മാറ്റുന്നതിൽ കോൺഗ്രസ് പ്രതിഷേധിച്ചതോടെ അധികൃതർ പിൻവാങ്ങുകയായിരുന്നു. പരിഹാരം കാണണമെന്ന് പൊതുപ്രവർത്തകനായ എം.എ. ബഷീർ ആവശ്യപ്പെട്ടു.