
ശബരിമല: ശബരിമലയിൽ തിരക്ക് നിയന്ത്രണാതീതം. ദിവസവും ഒരു ലക്ഷത്തിനടുത്ത് തീർത്ഥാടകരാണ് സന്നിധാനത്തേക്ക് എത്തുന്നത്. ഇന്നലെ മരക്കൂട്ടത്തുനിന്ന് സന്നിധാനം വലിയ നടപ്പന്തൽവരെ എത്താൻ 10 മണിക്കൂറിലധികം ക്യൂവിൽ നിൽക്കേണ്ടിവന്നു. ശബരീ പീഠത്തിലും മരക്കൂട്ടത്തും ശരംകുത്തിയിലും ജ്യോതിർനഗറിലും സന്നിധാനം വലിയ നടപ്പന്തലിലും വടം കെട്ടിയാണ് തീർത്ഥാടകരെ നിയന്ത്രിക്കുന്നത്. വടം അഴിച്ചുവിടുന്നതോടെ തിങ്ങിനിൽക്കുന്ന ഭക്തർ വീഴുന്നത് അപകടത്തിനിടയാക്കുന്നു. ജനുവരി ഒന്നിന് രാത്രി 11 വരെ 78,402 പേർ വെർച്വൽ ക്യൂ വഴി മാത്രം ദർശനം നടത്തി. വെർച്വൽ ക്യൂവിന് പുറമെ സ്‌പോട്ട് ബുക്കിംഗിലൂടെയും പരമ്പരാഗത പാതയിലൂടെയും പുൽമേട്ടിലൂടെയും തീർത്ഥാടകർ എത്തുന്നുണ്ട്. കുട്ടികൾക്കും സ്ത്രീകൾക്കും പ്രായമായവർക്കും വലിയ നടപ്പന്തൽ മുതൽ നേരത്തെ പ്രത്യേക ക്യൂ ഏർപ്പെടുത്തിയിരുന്നെങ്കിലും തിരക്ക് വർദ്ധിച്ചതോടെ ഇത് നിറുത്തി. അരവണ കണ്ടെയ്‌നറിന്റെ ലഭ്യത കുറഞ്ഞതോടെ ഒരാൾക്ക് പരമാവധി 5 ടിൻ അരവണ മാത്രമാണ് നൽകുന്നത്.