
തിരുവല്ല : സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് നിന്നാരംഭിച്ച സ്വർണ്ണക്കപ്പ് വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് തിരുവല്ലയിൽ വൻ വരവേൽപ്പ് നൽകി. തിരുവല്ല എസ്.എസി.എസ് ഹയർസെക്കൻഡറി സ്കൂളിൽ ഇന്നലെ രാവിലെ 11.15നാണ് സ്വർണക്കപ്പ് വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര എത്തിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനിൽ കുമാറിന്റെ നേതൃത്വത്തിൽ സ്വർണ്ണക്കപ്പിനെ വരവേറ്റു. ഡി.ഇ.ഒ ജേക്കബ് സത്യൻ, എ.ഇ.ഒ വി.കെ.മിനികുമാരി, വാർഡ് കൗൺസിലർ പ്രദീപ് മാമൻ, തോമസ് കോശി എന്നിവർ പ്രസംഗിച്ചു. എൻ.സി.സി, എസ്.പി.സി, ഗൈഡ്സ്, റെഡ്ക്രോസ് തുടങ്ങിയ യൂണിറ്റുകളും ആയിരത്തിലധികം വിദ്യാർത്ഥികളും ചേർന്നാണ് സ്വീകരണം ഒരുക്കിയത്. ചെങ്ങരൂർ ബഥനി ഹയർ സെക്കൻഡറി സ്കൂളിലെ ബാൻഡ്സെറ്റ് കൊഴുപ്പേകി. ഇന്നു മുതൽ 8 വരെ കൊല്ലത്ത് നടക്കുന്ന 62 -ാമത് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലേക്കാണ് 117.5 പവൻ തൂക്കമുള്ള സ്വർണ്ണക്കപ്പുമായുള്ള ഘോഷയാത്ര നടന്നത്.