
പ്രമാടം : കാലാവസ്ഥയിൽ പെട്ടന്നുണ്ടായ വ്യതിയാനം പകർച്ചപ്പനി വ്യാപിക്കാൻ കാരണമാകുന്നു. കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പുതിയ ലക്ഷണങ്ങളുമായി പനിയും പടരുന്നത്. പനിയെ തുടർന്ന് പലരും ആഴ്ചകളായി ചികിത്സയിലാണ്. കലശലായ ശ്വാസ തടസവും കിടുകിടുപ്പുമാണ് പുതിയ ലക്ഷണങ്ങൾ. കഴിഞ്ഞ ഒരുമാസമായി പനി ബാധിച്ച് നൂറുകണക്കിന് ആളുകൾ വിവിധ ആശുപത്രികളിൽ ചികിത്സതേടി. മൂക്കൊലിപ്പിലും ചുമയിലും തുടങ്ങിയ പനി, ശ്വാസതടസത്തിലും കിടുകിടുപ്പിലും വരെ എത്തിയിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ല.
രോഗ മുക്തി വൈകുന്നു
പനി ബാധിതർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ടെങ്കിലും രോഗമുക്തി വൈകുകയാണ്. മരുന്ന് കഴിക്കുമ്പോൾ പനിക്ക് നേരിയ ശമനമുണ്ടാകുമെങ്കിലും ചുമയും ശ്വാസതടസവും വിട്ടുമാറാതെ തുടരുന്നു. പകർച്ചപ്പനിയുമായി ചികിത്സ തേടുന്നവർക്ക് കൊവിഡ് പരിശോധന നിർദ്ദേശിക്കാറുണ്ടെങ്കിലും പലരും ഇതിന് തയ്യാറാകാറില്ലെന്നും ഡോക്ടർമാർ പറയുന്നു.
ചുമയും ശ്വാസതടസവും
പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ചുമയും ശ്വാസതടസവും ആശങ്കയാണ്. ശ്വാസതടസം കാരണം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നവരുമുണ്ട്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ല :ആരോഗ്യ വകുപ്പ്
രാത്രിയിലെ തണപ്പും പകൽ സമയത്തെ കനത്തച്ചൂടും പ്രതിരോധ ശേഷിയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകി. ഇതാണ് പനി പടരാൻ കാരണം. നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല. പനിയ്ക്ക് പുറമെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നവർ ഡോക്ടർമാരെ കാണണം. സ്വയം ചികിത്സ നടത്തരുത്.