shd

കലഞ്ഞൂർ: ഉന്നത നിലവാരത്തിൽ പണിത പുനലൂർ - മൂവാറ്റുപുഴ ഹൈവേയിൽ കലഞ്ഞൂർ അക്വഡേറ്റ് ജംഗ്ഷനിൽ ബസുകൾ നിറുത്താത്തതു കാരണം കാത്തിരിപ്പുകേന്ദ്രത്തിലെ മദ്യപാനികളുടേയും സാമൂഹിക വിരുദ്ധരുടേയും ശല്യം കാരണമെന്ന് പരാതി.

രാത്രി കാലങ്ങളിൽ ഇവിടെ തമ്പടിക്കുന്നവർ മദ്യപിച്ചും കിടന്നുറങ്ങിയും പുലർച്ചെയാണ് സ്ഥലം വിടുന്നത്. ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണ സാധനങ്ങളും ഇവിട‌െ ഉപേക്ഷിച്ചാണ് മടങ്ങുന്നത്. പുനലൂർ ഭാഗത്തേക്ക് സഞ്ചരിക്കുന്ന യാത്രക്കാർക്കുള്ളതാണ് കാത്തിരിപ്പു കേന്ദ്രം. ഇത് നിർമ്മിച്ചതിന്റെ അടുത്ത ദിവസങ്ങളിൽ യാത്രക്കാർ പകൽ ഇവിടെ ബസ് കാത്തു നിന്നെങ്കിലും നിറുത്തിയിരുന്നില്ല. 200 മീറ്ററോളം അകലെ ഐ.എച്ച്.ആർ.ഡി കോളേജിലേക്കുള്ള വഴിയുടെ ഭാഗത്താണ് ബസുകൾ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്. കാത്തിരിപ്പു കേന്ദ്രത്തിലുള്ളവർ ബസിന് പിന്നാലെ ഓടുകയായിരുന്നു. ഇപ്പോൾ കാത്തിരിപ്പു കേന്ദ്രത്തിൽ യാത്രക്കാർ എത്താറില്ല. പൊരി വെയിലിലും മഴയിലും അക്വഡേറ്റ് ജംഗ്ഷനിൽ ബസ് കാത്തു നിൽക്കുകയാണ്. കാത്തിരിപ്പു കേന്ദ്രത്തിന് മുന്നിൽ ബസുകൾ നിറുത്തിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കൂടൽ പൊലീസിൽ നിവേദനം നൽകിയിരുന്നു. കെ.എസ്.ടി.പി ഉന്നത നിലവാരത്തിൽ നിർമ്മിച്ച റോഡിന്റെ വക്കിലാണ് കാത്തിരിപ്പു കേന്ദ്രം.

...........................................................

'' കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് നിറുത്താൻ തദ്ദേശ സ്ഥാപന അധികൃതരും പൊലീസും ഇടപെടണം. രാത്രി കാലങ്ങളിലെ സാമൂഹിക വിരുദ്ധ ശല്യം അവസാനിപ്പിക്കാൻ പൊലീസ് പട്രോളിംഗ് നടത്തണം.

വിഷ്ണു

(പ്രദേശവാസി)