റാന്നി: മഴ കുറഞ്ഞതോടെ റാന്നിയുടെ കിഴക്കൻ മേഖലകളിൽ കുടിവെള്ളത്തിന് ക്ഷാമം രൂക്ഷമാകുന്നു. പമ്പയിലെ നീരൊഴുക്കിനും ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. പെരുനാട്, ളാഹ, കക്കൂടുമൺ, കരികുളം, കോലിഞ്ചി എന്നിവിടങ്ങളിലാണ് വെള്ളത്തിന് കൂടുതൽ ക്ഷാമം നേരിടുന്നത് .ഒരു മാസം മഴ മാറി നിന്നപ്പോഴേക്കും കിണറുകളും ഓലികളും വറ്റിവരണ്ടു തുടങ്ങി. കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മേഖലകളിൽ ആളുകൾ 1000,2000 ലിറ്റർ വെള്ളം വിലകൊടുത്തു വാങ്ങുകയാണ്. പലപ്പോഴും 700 മുതൽ 1000 രൂപവരെ മുടക്കി വെള്ളമെത്തിക്കേണ്ട അവസ്ഥയിലാണ് പലരും. ഒരു ഇടവേളക്ക് ശേഷം വീണ്ടും കൊവിഡ്- ഒമിക്രോണും, വർദ്ധിച്ചുവരുന്നു. അവശ്യ സാധനങ്ങളുടെ വിലക്കയവും കൊണ്ട് പൊറുതി മുട്ടിയിരുന്ന ജനങ്ങളുടെ മുമ്പിലേക്കാണ് ഇപ്പോൾ കുടിവെള്ള ക്ഷാമവും എത്തിയിരിക്കുന്നത്. വളർത്തു മൃഗങ്ങളുടെ കാര്യവും കഷ്ടത്തിലായിരിക്കുകയാണ്. വീട്ടാവശ്യങ്ങൾക്കും കൃഷിക്കും വരെ വിലകൊടുത്തു വെള്ളമെത്തിക്കണ്ട അവസ്ഥയിലാണ് പലരും. ഇന്ന് വരും നാളെ വരുമെന്ന് നോക്കിയിരിക്കുന്ന ജലവിതരണ പദ്ധതികളും അവതാളത്തിലാണ്. പലതും ഇപ്പോഴും പ്രവർത്തനം തുടങ്ങിയിട്ടുപോലുമില്ല. വേനൽ കടുക്കുന്നതോടെ ആശങ്കയിലായിരിക്കുകയാണ് മലയോരം.