
മല്ലപ്പള്ളി : കൊറ്റനാട് ഗ്രാമ പഞ്ചായത്തിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു. രണ്ടാം വാർഡ് പന്നക്കപതാൽ ഭാഗത്ത് കൊയ്പള്ളിയിൽ വിജയമ്മയുടെ കാളക്കിടാവിനെ കഴിഞ്ഞ ദിവസം രാത്രിയിൽ തെരുവുനായ്ക്കൾ ആക്രമിച്ച് കൊന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലായുള്ള വാനര ശല്യത്തിന് പുറമെയാണിത്. വേനൽ കടുത്തതോടെ വലിയകാവ് വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെ വിടുകളിലെ വാട്ടർ ടാങ്കുകളുടെ മേൽ മൂടി തുറന്നിറങ്ങി വാനരസംഘം ജലം മലിനമാക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. തെരുവുനായ്ക്കൾ കൂടിയായതോടെ ഭീതിയിലാണ് പ്രദേശം. അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.