റാന്നി: വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്. റാന്നി പഴവങ്ങാടി സെന്റ് മേരിസ് സീനിയർ സെക്കൻഡറി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി പുതുശ്ശേരിമല, കുറ്റൻകുഴിയിൽ അനുഗ്രഹ, അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മന്ദിരം പടിഞ്ഞാറെ മണ്ണിൽ ഏഞ്ചൽ അന്ന, ഏഴാം ക്ലാസ് വിദ്യാർത്ഥിനി മന്ദിരം കൈതവീട്ടിൽ ശ്രേയ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അനുഗ്രഹയുടെ കാലിന് പൊട്ടലുണ്ട് . ഇന്നലെ രാവിലെ 8:30ന് റാന്നികരിങ്കുറ്റിക്കൽ -ഡിപ്പോപ്പടി റോഡിലായിരുന്നു അപകടം. കുട്ടികളുമായി ഇറക്കം ഇറങ്ങിവരുമ്പോൾ ബസ് നിയന്ത്രണം വിട്ട് തൊട്ടടുത്ത വൈദ്യുതി പോസ്റ്റിലും തുടർന്ന് മരങ്ങളിലും ഇടിച്ച് നിൽക്കുകയായിരുന്നു.നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.