
തിരുവല്ല: ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തിയ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട പരുമല ഇടയ്ക്കാട്ട് വീട്ടിൽ ശരത്ത് നായർ (സുരേഷ്‌കുമാർ - 48) പൊലീസിൽ കീഴടങ്ങി.
ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കഴിഞ്ഞയാഴ്ച ഡി.വൈ.എഫ്.ഐ പരുമല മേഖലാ സെക്രട്ടറി ശ്രീജിത്ത് നൽകിയ പരാതിയിൽ പുളിക്കീഴ് പൊലീസ് കേസെടുത്തിരുന്നു. മുംബയിൽ ഇലക്ട്രീഷ്യനായി ജോലിചെയ്യുന്ന ശരത്തിനെ തേടി പൊലീസ് അവിടെ എത്തിയപ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് ഇയാൾ തിരുവല്ല ഡിവൈ.എസ്.പി അഷാദിന് മുന്നിൽ കീഴടങ്ങിയത്.
തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന വേളയിൽ മന്ത്രി സോപാനത്ത് നിൽക്കുന്ന ഫോട്ടോ ഉൾപ്പെടുത്തിയാണ് ഇയാൾ ഫേസ്ബുക്കിൽ ജാതീയ അധിക്ഷേപവും അസഭ്യവും പോസ്റ്റ് ചെയ്തത്. മതസ്പർദ്ധ വളർത്തൽ, പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.