
കൊടുമൺ: കുറഞ്ഞ കാലംകൊണ്ട് വൻ പ്രചാരം നേടിയ കൊടുമൺ റൈസ് ഇനി കൊടുമണ്ണിലെ സ്വന്തം മില്ലിൽ നിർമ്മിക്കും. ഒറ്റത്തേക്കിൽ മില്ല് നിർമ്മാണം പൂർത്തിയായി. 15ന് നാടിന് സമർപ്പിക്കും. കൊടുമൺ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മില്ല് . ജനകീയാസൂത്രണത്തിന്റെ തുടക്കത്തിൽ കൊടുമണ്ണിൽ നടന്ന വികസന സെമിനാറിലെ നിർദേശമായിരുന്നു കൊടുമൺ റൈസ്. ജില്ലയിൽ കൂടുതൽ നെൽകൃഷിയുള്ള കൊടുമൺ, വള്ളിക്കോട് പഞ്ചായത്തുകളിലെ കർഷകരിൽ നിന്ന് സംഭരിക്കുന്ന നെല്ല് കൊടുമണ്ണിലെ മില്ലിൽ അരിയാക്കാം. മൂല്യവർദ്ധിത ഉത്പന്നങ്ങളും നിർമ്മിക്കാം.
എ.എൻ സലിമിന്റെ നേതൃത്വത്തിൽ കൊടുമൺ ഫാർമേഴ്സ് ആൻഡ് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി രൂപീകരിച്ച് നിലം ഉടമകളെ സംഘടിപ്പിച്ച് തരിശ് നിലങ്ങൾ കൃഷി ചെയ്താണ് പദ്ധതി നടപ്പാക്കുന്നത്. വള്ളിക്കോട്ടെ കർഷകരും ഒത്തു ചേർന്നു. 368 കർഷകർ 320 ഹെക്ടർ സ്ഥലത്താണ് കൃഷി ചയ്യുന്നത്. കൃഷി സ്ഥലത്തു തന്നെ നെല്ലിന്റെ പണം കൊടുത്തപ്പോൾ കർഷകർക്ക് ഉത്സാഹമായി.
സിവിൽ സപ്ലൈസ് കോർപ്പറേഷനോ സ്വകാര്യ മില്ലുകൾക്കോ നെല്ല് വിലയ്ക്ക് നൽകുകയാണ് ചെയ്തു വന്നത്. സ്വകാര്യ മില്ലുകളുടെ വിലയിലും തൂക്കത്തിലും കർഷകർ തൃപ്തരല്ലായിരുന്നു. ഇതിന് പരിഹാരമായാണ് കൊടുമൺ റൈസ് പദ്ധതിക്ക് രൂപം നൽകിയത്.
ചെലവ് കുറയും, തൊഴിലവസരം കൂടും
കൊടുമൺ റൈസ് ബ്രാൻഡിന് നെല്ല് അരിയാക്കാൻ കോട്ടയത്തുള്ള ഫാമിംഗ് കോർപ്പറേഷന്റെ റൈസ് മില്ലിലേക്കാണ് കൊണ്ടുപോകുന്നത്. അവിടേക്ക് നെല്ല് കൊണ്ടുപോകാനുള്ള വാഹനച്ചെലവ്, കയറ്റിയിറക്ക് കൂലി ഇനങ്ങളിൽ വലിയ തുക ചെലവാകുന്നു. കൊടുമണ്ണിൽ റൈസ് മില്ല് തുടങ്ങുന്നതോടെ ചെലവ് കുറച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കാനാവും. വില കുറച്ച് ഗുണമേന്മയുള്ള സാധനങ്ങൾ വിപണിയിലെത്തിക്കാം.
കാർഷികോത്പാദനം, മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം, വിപണനം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ കാർഷിക വ്യവസായ നയങ്ങളുടെ വിജയം കൂടിയാണ് ഈ സംരംഭം. മൂല്യവർദ്ധിത വസ്തുക്കളായ കുത്തരി, പച്ചരി, പുട്ടുപൊടി, അപ്പപ്പൊടി, നുറുക്കരി, അവിൽ തുടങ്ങിയവ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിലൂടെ വരുമാനവും തൊഴിലും വർദ്ധിക്കും.
------------------------------
ഒറ്റത്തേക്കിൽ മില്ല് സ്ഥാപിച്ചു, ഉദ്ഘാടനം 15ന്
ചെലവ് 1. 10 കോടി
'' മില്ല് സ്ഥാപിക്കുന്നതോടെ കൂടുതൽ കർഷകരെ നെൽകൃഷിയിലേക്ക് ആകർഷിക്കാനാകും. ഉത്പാദനം ഇന്നുള്ളതിന്റെ ഇരട്ടിയാക്കുകയാണ് ലക്ഷ്യം.
കെ.കെ ശ്രീധരൻ, കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ്.
" യുവാക്കളെയും സ്ത്രീകളെയുമടക്കം നെൽകൃഷി പദ്ധതിയുടെ ഭാഗമാക്കും. വരുമാനവും തൊഴിലവസരവും വർദ്ധിക്കും.
എ. എൻ സലിം, കൊടുമൺ ഫാർമേഴ്സ് ആൻഡ് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി പ്രസിഡന്റ്