
ശബരിമല: സമ്പൂർണ പ്ലാസ്റ്റിക് നിരോധനമുള്ള ശബരിമല നിലയ്ക്കലിൽ എവിടെത്തിരിഞ്ഞാലും പ്ളാസ്റ്റിക്. പ്ളാസ്റ്റിക് കുപ്പികളിൽ വെള്ളവും ജ്യൂസും കവറുകളിൽ പലഹാരങ്ങളും വിൽക്കുന്നു. ഒരു പരിശോധനയുമില്ല. ഇരുമുടിക്കെട്ടിൽ പോലും പ്ളാസ്റ്റിക് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവുള്ളപ്പോഴാണ് ഇത് അനുവദിക്കുന്നത്.
നിലയ്ക്കൽ മുതൽ സന്നിധാനം വരെ പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. 2015ലെ ഉത്തരവ് 2018ലും കോടതി ആവർത്തിച്ചു. കൊവിഡ് സമയത്ത് ശബരിമലയിൽ കൈയുറ, മാസ്ക്, സാനിറ്റൈസർ കുപ്പികൾ എന്നിവ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് സ്പെഷൽ കമ്മിഷണർ ആവശ്യപ്പെട്ടിട്ടും കോടതി വഴങ്ങിയിരുന്നില്ല.
സന്നിധാനത്തും പമ്പയിലും കുപ്പിവെള്ളവും ശീതളപാനീയങ്ങളും ഒഴിവാക്കി പൈപ്പുകളിലൂടെയും നേരിട്ടുമാണ് ദേവസ്വം ബോർഡ് തീർത്ഥാടകർക്ക് വെള്ളം നൽകുന്നത്. എന്നാൽ, നിലയ്ക്കലിൽ ലോഡുകണക്കിന് കുപ്പിവെള്ളമാണ് ഓരോ കടയിലും ദിവസവും വിറ്റുപോകുന്നത്. വെള്ളം കുടിച്ചശേഷം പ്ലാസ്റ്റിക് കുപ്പികൾ പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായ ശബരിമലക്കാട്ടിൽ വലിച്ചെറിയുന്നു. പലഹാരക്കവറുകളും വഴിനീളെക്കാണാം. പ്ളാസ്റ്റിക് കളിപ്പാട്ടങ്ങളും വിൽക്കുന്നുണ്ട്.
കുപ്പിവെള്ളത്തിന് 40 രൂപ
കോടികളുടെ കച്ചവടം
നിലയ്ക്കൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും പാർക്കിംഗ് മൈതാനത്തുമെല്ലാം കുപ്പിവെള്ളവും ശീതളപാനിയങ്ങളും കൊണ്ടുനടന്ന് വിൽക്കുന്നുണ്ട്. തിരക്കിനനുസരിച്ച് ഒരു കുപ്പി വെള്ളത്തിന് 40രൂപ വരെയാണ് ഈടാക്കുന്നത്. മണ്ഡലകാലത്ത് മാത്രം അഞ്ചു കോടി രൂപയുടെ കച്ചവടം നടന്നിട്ടുണ്ടെന്നാണ് സൂചന.
ലേല വ്യവസ്ഥയും ലംഘിച്ചു
ദേവസ്വം ബോർഡ് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ കടകൾ ലേലം ചെയ്താണ് നൽകുന്നത്. ഓരോ കടയിലും എന്തെല്ലാം വിൽക്കണമെന്ന് മുൻകൂട്ടി അറിയിച്ചശേഷമാണ് ലേലം. കുപ്പിവെള്ളം ഉൾപ്പടെ വിൽക്കരുതെന്നാണ് വ്യവസ്ഥ. കോടതി ഉത്തരവ് കർശനമായി നടപ്പിലാക്കുന്നുണ്ടോ എന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ ഉറപ്പുവരുത്തേണ്ടതാണ്. ദേവസ്വം വിജിലൻസിനും പൊലീസും വനംവകുപ്പും ഇക്കാര്യത്തിൽ കണ്ണടയ്ക്കുന്നു.