
പന്തളം: വയറപ്പുഴ പാലം പണി വൈകാതെ തുടങ്ങാനുള്ള സാദ്ധ്യത തെളിയുന്നു .വളരെനാളത്തെ കാത്തിരിപ്പിനുശേഷം പാലത്തിന്റെ പണി ടെൻഡർ ആയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും തുടങ്ങാൻ കഴിഞ്ഞില്ല. സാധന സാമഗ്രികൾക്ക് വില വർദ്ധനവുണ്ടായതു മൂലം പഴയ തുകയിൽ പണി നടത്താനാകില്ലന്ന് കരാറുകാർ എടുത്ത നിലപാടാണ് കാരണം. തുക കൂട്ടി നൽകാൻ ഗവൺമെന്റിന്റെ പ്രത്യേക അനുമതി വേണം. അത് ലഭിച്ചാൽ മാത്രമേ പണി ആരംഭിക്കുവാൻ കഴിയു എന്നായിരുന്നു. കരാറുകാരുടെ നിലപാട് .22.88 % കൂട്ടി വേണമെന്നായിരുന്നു. ആവശ്യം. എന്നാൽ അടിയന്തരഘട്ടങ്ങളിൽ ക്യാബിനറ്റിന് കൂട്ടിനൽ കാൻ കഴിയുമെങ്കിലും ഇത്രയും ഭീമമായ വർദ്ധനവിന് തയ്യാറാകില്ല. അതിൽ കുറച്ചാൽ കരാറുകാരൻ പണി എടുത്ത് നടത്തില്ലാ എന്ന നിലപാടായിരുന്നു.
കൂട്ടി നൽകാൻ മന്ത്രിസഭയു ടെ അംഗീകാരം കഴിഞ്ഞ ദിവസം ലഭിച്ചു.കരാറുകാരന്റെ ആവശ്യം ന്യായമാണന്ന് ചീഫ് എൻജിനിയർനൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി സഭ അംഗീകാരം നൽകിയത്.
എറണാകുളത്തുള്ള കമ്പനിക്കാണ് കരാർ നൽകിയത്. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച പാലത്തിനുണ്ടായിരുന്ന കടമ്പ ടെൻഡർ നടപിയായിരുന്നു. 9,35,23,000 രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. മുമ്പ് അനുവദിച്ച രണ്ടുകോടിയിൽ നിന്നും തുക എട്ടര കോടിയിലേക്കും പിന്നീട് ഇത് 9,35,23,000 കോടിയിലേക്കും എത്തുകയായിരുന്നു.
തുക അധികത്തിൽ നൽകാൻ ഗവൺമെന്റിന്റെ അനുമതി ലഭിച്ചതോടെ പണി ആരംഭിക്കാനാകുമെന്നാണ് പൊതുമരാമത്ത് വകുപ്പധികാരിക ളും പറയുന്നത്. പാലത്തിന്റെ അപ്രോച്ച് റോഡിന്റെയും അനുബന്ധ റോഡിന്റെയും പണികൾ ഇതിനൊപ്പം നടത്തും.
അച്ചൻകോവിലാറിനു കുറുകെ പന്തളം നഗരസഭയിലെ മുളമ്പുഴ കരയേയും കുളനട പഞ്ചായത്തിലെ ഞെട്ടൂർ കരയേയും ബന്ധിപ്പിച്ചാണ് പാലം പണിയുന്നത്. പന്തളം കവലയിലെ ഗതാഗതക്കുരുക്കിൽ പെടാതെ അടൂർചെങ്ങന്നൂർ റോഡിൽ പുതിയ പാത തുറന്നുകിട്ടുമെന്നതും മാവേലിക്കര ഭാഗത്തുനിന്ന് ചെങ്ങന്നൂർ, കോട്ടയം ഭാഗത്തേക്ക് പോകാനുള്ളവർക്ക് പന്തളം പന്തളം കവല ചുറ്റാതെ കുളനട. മാന്തുകയിലെത്തി എം.സി. റോഡിലേക്ക് പ്രവേശിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇപ്പോൾ ഈ ഭാഗത്തുള്ളത് കടത്തുവള്ളമാണ്. പന്തളം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവ കാലത്ത് മഹാദേവാ ഹിന്ദുസേവാ സമിതിയും കരക്കാരും ചേർന്ന് താത്ക്കാലിക പാലം പണിയാറുണ്ട്.