പത്തനംതിട്ട : സംസ്ഥാനത്തെ നഗരസഭകളുടെ ഭരണസംവിധാനം ഡിജിറ്റലൈസ് ചെയ്യുന്ന കെ സ്മാർട്ട് വഴിയുള്ള ആദ്യ സിവിൽ രജിസ്ട്രേഷൻ പത്തനംതിട്ട നഗരസഭയിൽ. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡിസംബർ 26 ന് കോട്ടയം മുണ്ടത്താനം സ്വദേശികളായ സിജോ കെ ജോസഫ്പ്രിൻസിദാസ് ദമ്പതികൾക്ക് ജനിച്ച ഇവാൻ കെ സിജോ എന്ന കുട്ടിയുടെ ജനനമാണ് സംസ്ഥാനത്ത് ആദ്യമായി കെ സ്മാർട്ട് വഴി രജിസ്റ്റർ ചെയ്തത്. നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ നഗരസഭാ സെക്രട്ടറി സുധീർ രാജിന് സർട്ടിഫിക്കറ്റ് കൈമാറി. പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ കാര്യക്ഷമമായും സമയബന്ധിതമായും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സർക്കാർ ഇൻഫർമേഷൻ കേരള മിഷനുമായി ചേർന്ന് വികസിപ്പിച്ച ആപ്ലിക്കേഷനായ കേരള സൊല്യൂഷൻ ഫോർ മനേജിംഗ് അഡ്മിനിട്സ്ട്രേറ്റീവ് റിഫർമേഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ (കെസ്മാർട്ട്) സംവിധാനം വഴി അപേക്ഷകൻ നഗരസഭകളിൽ നേരിട്ട് എത്താതെ സേവനം നൽകുന്ന രീതിയിലാണ് കെസ്മാർട്ട്തയ്യാറാക്കിയിട്ടുള്ളത്. നഗരസഭാ വൈസ് ചെയർപേഴ്സൺ ആമിന ഹൈദരാലി, കൗൺസിൽ അംഗങ്ങളായ ആർ. സാബു, വിമല ശിവൻ, ജനന മരണ രജിസ്ട്രാർ അജി എസ് കുമാർ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. സുഷമ പി കെ, ഡെപ്യുട്ടി സൂപ്രണ്ട് ഡോ. സുനിൽകുമാർ, ആർ എം ഓ ഡോ. ദിവ്യ ആർ ജെ, ഇൻഫർമേഷൻ കേരള മിഷൻ ജില്ലാ ടെക്നിക്കൽ ഓഫീസർ റെനി രാജൻ, ടി.ഓ ദിവ്യ എസ്, അരുൺകുമാർ.എസ്, മായ.പി.എസ്, നഗരസഭാ ജീവനക്കാർ പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു