acci-bus

കോഴഞ്ചേരി: ശബരിമല തീർത്ഥാടകരുമായി ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്കു പുറപ്പെട്ട കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് പാസഞ്ചർ ബസ് മതിലിലിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ചെന്നൈ ലക്ഷ്മീപുരം സ്വദേശി രാജി (39)നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബസ് കണ്ടക്ടർ നെടുങ്കുന്നം പനങ്ങാൻകുന്നിൽ ജയൻ (44)നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 6.30ന് മാവേലിക്കര- കോഴഞ്ചേരി റോഡിൽ ആറന്മുള തറയിൽമുക്ക് ജംഗ്ഷനു സമീപം പരമൂട്ടിൽപ്പടിയിലായിരുന്നു അപകടം. ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് സൂചന. പരിക്കേറ്റ മറ്റുള്ളവർക്ക് പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.
അപകടം ഉണ്ടായി മണിക്കൂറുകൾ കഴിഞ്ഞിട്ടും ചെങ്ങന്നൂരിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് അയയ്ക്കാത്തതിൽ പ്രതിഷേധിച്ച് തീർത്ഥാടകരും നാട്ടുകാരും റോഡ് ഉപരോധിച്ചു. ആറന്മുള എസ്.എച്ച്.ഒ മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സമരം നടത്തിയവരെ അനുയപ്പിച്ചശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. തുടർന്ന് എസ്.ഐ ചെങ്ങന്നൂർ ഡിപ്പോയുമായി ബന്ധപ്പെട്ട് ബസ് എത്തിച്ച് തീർത്ഥാടകരെ പമ്പയിലേക്ക് യാത്രയാക്കി.