ശബരിമല: മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി പത്തനംതിട്ട ജില്ലാ കളക്ടർ എ.ഷിബുവിന്റെ നേതൃത്വത്തിൽ സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി. തുടർച്ചയായ രണ്ടാം ദിനമാണ് പരിശോധന.
ഹോട്ടലുകളിലും കടകളിലും നടത്തിയ പരിശോധനയിൽ ശുചിത്വമില്ലായ്മ, ഗുണമേന്മയില്ലാത്ത ഭക്ഷണ വിതരണം, അമിത വിലയീടാക്കൽ എന്നിവ ശ്രദ്ധയിൽപ്പെട്ടു. ഇത്തരം കടകൾക്ക് നോട്ടീസ് നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതിന്റെ ഭാഗമായി മൂന്നു കടകൾക്ക് പിഴയൊടുക്കാൻ നോട്ടീസ് നൽകി. ഡെപ്യൂട്ടി തഹസിൽദാർമാരായ ബി പ്രദീപ്, സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ റവന്യു, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡും പരിശോധനയിൽ പങ്കെടുത്തു.