നാരങ്ങാനം: ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. വൈസ് പ്രസിഡന്റായിരുന്ന പ്രകാശ് കുമാർ തടത്തിലിന്റെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് . ഇന്നലെ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നെങ്കിലും ഭരണകക്ഷിയായ ഇടതുപക്ഷ മെമ്പർമാർ പങ്കെടുക്കാതിരുന്നതിനാൽ ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. മതവിദ്വേഷം ജനിപ്പിക്കത്തക്കവിധത്തിലുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടെന്നാരോപിച്ച് അഞ്ചാം വാർഡ് മെമ്പർ അബിദാബായിക്കെതിരെ ബി.ജെ.പി.പ്രവർത്തകൻ നൽകിയ പരാതിയിൽ ആറന്മുള പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അബിദ ഇന്നലെത്തെ യോഗത്തിലും പങ്കെടുത്തിരുന്നില്ല.
പഞ്ചായത്തിലെ കക്ഷി നില എൽ. ഡി. എഫ്. -8, യു. ഡി. എഫ്. - 4, ബി. ജെ. പി. - 2 എന്നിങ്ങനെയായിരുന്നു. പ്രകാശ് കുമാറിന്റെ മരണത്തെ തുടർന്ന് എൽ. ഡി. എഫ്. - 7 ആയി ചുരുങ്ങി. അബിദാഭായി ഇന്നും ഹാജരാകാതിരുന്നാൽ കക്ഷിനില തുല്യമാകും. ബി ജെ പി അംഗങ്ങൾക്കു നിഷ്പക്ഷത പാലിക്കാൻ വിപ്പ് നൽകിയിട്ടുണ്ട്. യു. ഡി. എഫ്. ഫിലിപ്പ് അഞ്ചാനിയേയും എൽ. ഡി. എഫ്. ബെന്നി ദേവസ്യയേയും സ്ഥാനാർത്ഥിയാക്കും എന്നറിയുന്നു.