bike

പത്തനംതിട്ട : ഷോറൂമിൽ ഉപയോഗിച്ച് കേടുപാടുകൾ വന്ന ബൈക്ക് മാറ്റി നൽകാതിരുന്ന സംഭവത്തിൽ ഷോറൂം മാനേജർ 2,37,900 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ. അടൂർ കണ്ണങ്കോട് കുറുങ്ങാട്ടുപുത്തൻ വീട്ടിൽ ആർ.റിജുവാണ് പരാതിക്കാരൻ. കൊട്ടാരക്കര ദൈവിക്ക് മോട്ടോഴ്‌സ് മാനേജർക്കെതിരയായിരുന്നു പരാതി. യമഹ എം.ടി 15 2023 മോഡൽ ബൈക്ക് 2,22,900 രൂപ നൽകി റിജു ബുക്ക് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റ് നാലിന് ബൈക്ക് ലഭിക്കുമെന്നാണ് ഷോറും മാനേജർ അറിയിച്ചിരുന്നത്. ആഗസ്റ്റ് ഒമ്പതിന് റിജു എത്തിയപ്പോൾ ബൈക്ക് ജൂലായ് 26ന് വന്നിരുന്നെന്നും രജിസ്ട്രേഷൻ കഴിഞ്ഞെന്നും പറഞ്ഞ് ഒരു ബൈക്ക് കാണിക്കുകയുണ്ടായി. വാഹനം പരിശോധിച്ചപ്പോൾ ബൈക്കിന്റെ ഗോൾഡൻ ഫോർക്കിൽ കട്ട് മാർക്ക് കാണുകയും മഡ്ഗാർഡിലും പഴയ സ്റ്റിക്കറുകൾ പതിച്ചിരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. പരാതി പറഞ്ഞപ്പോൾ ഫോർക്ക് മാറ്റിത്തരാമെന്നും മറ്റുഭാഗങ്ങൾ റീപെയിന്റ് ചെയ്‌തുതരാമെന്നും പറയുകയുണ്ടായി. എന്നാൽ പുതിയ ബൈക്ക് ബുക്കുചെയ്‌ത ഹർജിക്കാരൻ അപാകതയുള്ള വാഹനം വാങ്ങാൻ തയാറായില്ല. പുതിയ വാഹനം ആവശ്യപ്പെട്ടപ്പോൾ രജിസ്‌റ്റർ ചെയ്‌തു കഴിഞ്ഞു ഇനി മാറ്റിത്തരാൻ കഴിയില്ലായെന്ന മറുപടിയാണ് ലഭിച്ചത്. വാഹനം ഉടമയെ കാണിക്കാതെ രജിസ്‌റ്റർ ചെയ്തതിൽ അപാകതയുണ്ടെന്നും മാനേജറെ ഏല്പിച്ച 2,22,900 രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടുമാണ് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷനിൽ കേസ് ഫയൽ ചെയ്തത്. ഇരുകക്ഷികളും കമ്മിഷനിൽ ഹാജരായി തെളിവുകൾ ഹാജരാക്കിയിരുന്നു. പരാതി ശരിയാണെന്ന് കമ്മിഷന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ബൈക്ക് വാങ്ങാൻ കൊടുത്ത 2,22,900 രൂപയും 10,000 രൂപ നഷ്ടപരിഹാരവും 5,000 രൂപാ കോടതി ചെലവും ഉൾപ്പെടെ 2,37,900 രൂപ ദൈവിക്ക് മോട്ടേഴ്‌സ് മാനേജർ നൽകാൻ കമ്മിഷൻ വിധി പ്രസ്താവം നടത്തുകയായിരുന്നു. കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗങ്ങളായ നിഷാദ് തങ്കപ്പൻ, എൻ.ഷാജിതാ ബീവി എന്നിവർ ചേർന്നാണ് വിധി പ്രസ്‌താവിച്ചത്.