പത്തനംതിട്ട : ജനറൽ ആശുപത്രിയ്ക്ക് സമീപം റോഡിലെ കൈവരികൾ തകർന്നിട്ട് നാളുകളായി. ഇതുവരെ കൈവരികൾ പുനസ്ഥാപിക്കാൻ അധികൃതർ നടപടിയെടുത്തിട്ടില്ല. പൈപ്പ് ലൈനിന്റേയും റോഡ് നിർമ്മാണത്തിന്റെയും ജോലികൾ നടക്കുന്നതിനിടെ തകർന്നതാണ് കൈവരികൾ. നാളിതുവരെ ഇത് നിർമ്മിക്കാൻ അധികൃതർ മുമ്പോട്ട് വന്നിട്ടില്ല. നഗരം സുന്ദരമാക്കിയപ്പോഴും ഈ ഭാഗം ഒഴിച്ചിട്ടാണ് നഗരസഭ പൂച്ചട്ടികൾ സ്ഥാപിച്ചിരിക്കുന്നത്. കൈവരികൾ ഊരി മാറ്റിയതിന്റെ ബാക്കി ഇപ്പോഴും അവിടുണ്ട്.
പാർക്കിംഗ് നിരോധിച്ചിട്ടുണ്ടെങ്കിലും കൈവരികളില്ലാത്ത ഭാഗത്ത് നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. ആശുപത്രിയിൽ നടന്ന ആക്രമണത്തിന് ശേഷം ഇവിടെ പൊലീസുകാർ ഡ്യൂട്ടിയിലുണ്ടെങ്കിലും അധികാരികൾ ഇതൊന്നും കണ്ട മട്ടില്ല. ടി.കെ റോഡിൽ നിന്നും കോളേജ് റോഡിൽ നിന്നും സെന്റ് മേരീസ് റോഡിൽ നിന്നും എത്തുന്ന വാഹനങ്ങൾ ഒരു പോലെ വന്നെത്തുന്ന സ്ഥലം കൂടിയാണിത്.