
പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ജില്ലാ കളക്ടർ എ.ഷിബുവിന്റെ നേതൃത്വത്തിൽ വിലയിരുത്തി. മകരജ്യോതി വ്യൂ പോയിന്റുകളിലും അപകടസാദ്ധ്യത കൂടിയ മേഖലകളിലും ബലമുള്ള ബാരിക്കേഡുകൾ സ്ഥാപിക്കാൻ തദ്ദേശവകുപ്പിന് കളക്ടർ നിർദേശം നൽകി. തീർത്ഥാടന പാതയിലും സന്നിധാനത്തും കുടിവെള്ള സൗകര്യം ഉറപ്പാക്കും. നിലവിലുള്ള ശൗചാലയങ്ങൾ കൂടാതെ ആവശ്യമായ താത്കാലിക ശൗചാലയങ്ങൾ തദ്ദേശ സ്വയംഭരണവകുപ്പിന്റെ മേൽനോട്ടത്തിൽ സജ്ജീകരിക്കും. ഭക്തജനത്തിരക്ക് ഏറെയുണ്ടാവുന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയുടെ അധിക സർവീസുകൾ ക്രമീകരിക്കും. എല്ലാ വ്യൂ പോയിന്റുകളിലും തിരക്കേറിയ മേഖലകളിലും അപകടസാദ്ധ്യതകളെ പരാമർശിച്ചുകൊണ്ടുള്ള മൈക്ക് അനൗൺസ്മെന്റുകൾ സജ്ജീകരിക്കും. ബി.എസ്.എൻ.എലിന്റെ മേൽനോട്ടത്തിൽ വ്യൂ പോയിന്റുകളിൽ വൈഫൈ സൗകര്യം ഏർപ്പെടുത്തും.
ക്യൂ കോംപ്ലക്സുകൾ ഒഴിവാക്കി പ്രധാനപാത വഴി തന്നെ തീർത്ഥാടകർക്ക് ദർശനസൗകര്യം ഒരുക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി വരുന്നു. നൂറോളം അഗ്നിശമന സേനാംഗങ്ങളെയും മകരവിളക്കുമായി ബന്ധപ്പെട്ട് സന്നിധാനത്തും പരിസരങ്ങളിലും സജ്ജീകരിച്ചിട്ടുണ്ട്. ആവശ്യമായ ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും അധിക സ്ട്രച്ചർ സൗകര്യങ്ങളും ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ നിയോഗിക്കും.
തിരുവാഭരണം കടന്നുപോകുന്ന കാനനപാത തെളിക്കുന്ന പ്രവൃത്തികൾ പത്തിനകം പൂർത്തിയാക്കും. നിരത്തുകളുടെ പുനരുദ്ധാരണ പ്രവർത്തികൾ പൊതുമരാമത്ത് നിരത്തു വിഭാഗം പൂർത്തീകരിക്കണം. മകരവിളക്ക് ദർശിക്കുന്ന എല്ലാ വ്യൂ പോയിന്റുകളിലും ശബരിമല അഡിഷണൽ ജില്ലാ മജിസ്ട്രേട്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക വിദഗ്ദ്ധസംഘം നേരിട്ടെത്തി പരിശോധന നടത്തി ഒരുക്കങ്ങൾ വിലയിരുത്തുമെന്നും കളക്ടർ പറഞ്ഞു.