road-
കോൺക്രീറ്റ് പൂർത്തിയാക്കിയ റോഡിൽ മണ്ണ് കൂനയായി ഇറക്കിയിട്ടിരിക്കുന്നു വശങ്ങളിലെ കട്ടിങ്ങും കാണാം

റാന്നി: അത്തിക്കയം - കടുമീൻചിറ റോഡിലെ എസ്.എൻ സ്കൂൾപ്പടി മുതൽ കടുമീൻചിറ ഇലവുങ്കൽപ്പടിവരെ യാത്രാദുരിതം ഏറുന്നു. റോഡിന്റെ കോൺക്രീറ്റ് പൂർത്തിയായ ശേഷവും വശങ്ങൾ മണ്ണിട്ട് നികത്താത്തതുമൂലമാണ് വാഹന യാത്രികർ ദുരിതത്തിലായിരിക്കുന്നത്. കോൺക്രീറ്റ് കഴിഞ്ഞിട്ട് രണ്ടു മാസങ്ങൾ പിന്നിട്ടിട്ടും ജനങ്ങൾക്ക് റോഡ് പൂർണ്ണമായും ഉപയോഗിക്കാനാവുന്നില്ല. വശങ്ങളിൽ വലിയ കട്ടിംഗ് ഉള്ളതിനാൽ ഇരു സൈഡിൽ നിന്ന് വാഹനങ്ങൾ വന്നാൽ കടന്നുപോകാൻ ബുദ്ധിമുട്ടാണ്. അബദ്ധത്തിൽ കട്ടിംഗ് ചാടിപോയാൽ വാഹനം കുടുങ്ങിയത് തന്നെ. ഓട്ടോറിക്ഷയും ചെറു കാറുകളിലും യാത്ര ചെയ്യുന്നവരാണ് ഏറെയും ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കരാർ കമ്പനി കോൺക്രീറ്റ് കഴിഞ്ഞു മണ്ണ് കൂനയായി ഇറക്കി ഇട്ടിരുന്നെങ്കിലും വശം നിരപ്പാക്കി നൽകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കൂടാതെ റോഡിലേക്ക് ഇറക്കിയിട്ടിരിക്കുന്ന മണ്ണ് ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടകരമാം വിധം നിരന്നു കിടക്കുകയുമാണ്. എത്രയും വേഗം റോഡിനു വശങ്ങൾ മണ്ണിട്ട് നിരപ്പാക്കി ഐറിഷ് ചെയ്യാനുള്ള ഭാഗങ്ങൾ നന്നാക്കി ജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കരാറുകാരുടെ മെല്ലപ്പോക്കെന്ന്

അത്തിക്കയം മുതൽ കടുമീൻചിറ വരെയുള്ള 1.8 കിലോമീറ്റർ റോഡ് പുനർ നിർമ്മിക്കാനായി ആദ്യഘട്ട നിർമ്മാണം എന്ന രീതിയിൽ അത്തിക്കയം മുതൽ എസ്.എൻ സ്കൂൾപ്പടി വരെ കോൺക്രീറ്റ് ചെയ്ത ശേഷം വശങ്ങൾ ഐറിഷ് ചെയ്തിരുന്നു. രണ്ടാം ഘട്ടത്തിന്റെ പണികളാണ് വൈകുന്നത്. ഒന്നാം ഘട്ട നിർമ്മാണവും നിരവധി പരാതികൾക്ക് ശേഷമാണ് പൂർത്തീകരിച്ചത്. മൂന്നാം ഘട്ടമെന്ന നിലയിൽ അത്തിക്കയം കൊച്ചുപാലം പൊളിച്ചു പുനർ നിർമ്മിക്കേണ്ട ജോലികൾ ഇനിയും ബാക്കിയാണ്. രണ്ടാം ഘട്ടം പൂർത്തീകരിക്കാതെ കരാർ കമ്പനി അനാവശ്യമായി കാലതാമസം വരുത്തുന്നെന്ന ആക്ഷേപം ശക്തമാണ്.

.....................................

നിരവധി സ്കൂൾ വാഹനങ്ങളും മറ്റും കടന്നു പോകുന്ന വഴിയിലെ ദുരിതം കണ്ടറിഞ്ഞ് എം.എൽ.എയും, പഞ്ചായത്ത് അധികൃതരും ഇടപെടണം.

(നാട്ടുകാർ)​

.................................

കോൺക്രീറ്റ് കഴിഞ്ഞിട്ട് 2 മാസം