hanna

പത്തനംതിട്ട : ഒറ്റമുറി വീട്ടിൽ വോക്കറിൽ ഒതുങ്ങിയ ജീവിതം ഹന്നയ്ക്ക് മടുത്തു. സെറിബ്രൽ പാൾസിയെന്ന രോഗാവസ്ഥയെ മറികടന്ന് പുതിയൊരു കാലം സ്വപ്നം കാണുകയാണ് ഇൗ കൊച്ചുമിടുക്കി. പത്തനംതിട്ട മേലേവെട്ടിപ്രം ഓലിക്കൽ വടക്കേതിൽ ജോർജ് കോശിയുടേയും മോനിയുടേയും ഏകമകളാണ് ഹന്ന. പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി. പതിനാലു വർഷങ്ങൾക്കുള്ളിൽ പത്ത് ഓപ്പറേഷൻ കഴിഞ്ഞെങ്കിലും ഹന്നയ്ക്ക് പ്രതീക്ഷകൾ ഏറെയാണ്. ആരുടേയും ആശ്രയമില്ലാതെ എഴുന്നേറ്റ് നിൽക്കണമെന്നതാണ് വലിയ ആഗ്രഹം. മുമ്പ് കണ്ണിലെ കൃഷ്ണമണി ഉള്ളിലേക്ക് വലിഞ്ഞ അവസ്ഥയിലായിരുന്നു. വെല്ലൂർ സി.എം.സിയിലെ ചികിത്സയിൽ മാറ്റം പ്രകടമായി. എഴുതാനും വായിക്കാനും ബുദ്ധിമുട്ടുണ്ടെങ്കിലും ഏറെ പ്രയാസപ്പെട്ടും അതിജീവനത്തിനായി ശ്രമിക്കുന്നു. സഹായിയെ ഉപയോഗിച്ചാണ് പരീക്ഷ എഴുതുന്നതെങ്കിലും ഓണം, ക്രിസ്മസ് പരീക്ഷകൾ തനിയെ എഴുതാനാണ് ഹന്നയ്ക്കിഷ്ടം. ഹൃദയസംബന്ധമായ രോഗമുള്ള പിതാവ് ജോർജ് എറണാകുളത്ത് മെക്കാനിക്കാണ്. മകളെ നോക്കേണ്ടതിനാൽ അമ്മയ്ക്കും ജോലിക്ക് പോകാനാകുന്നില്ല. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇതുവരെ ചികിത്സ നടത്തിയത്. ഇനിയും സർജറി ബാക്കിയാണ്. അതിനുള്ള പണം കണ്ടെത്തി മകളെ സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണിവർ.

സ്കൂൾ യാത്രയ്ക്ക് ദിവസം 300 രൂപ

ഹന്നയ്ക്ക് വീട്ടിൽ നിന്ന് പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂളിൽ വന്നുപോകണമെങ്കിൽ 300 രൂപ ഓട്ടോക്കൂലി വേണം. ഓട്ടോക്കാരന്റെ കനിവ് കൊണ്ട് 200 രൂപ നൽകിയാൽ മതിയാകും. മുമ്പ് എടുത്തുകൊണ്ടായിരുന്നു ക്ളാസിലാക്കിയിരുന്നത്. വളർന്നപ്പോൾ അമ്മയ്ക്ക് എടുക്കാൻ പറ്റാതെയായി.

കലോത്സവ നഗരിയിലേക്ക്...

13, 14 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന ഭിന്നശേഷി കലോത്സവത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഹന്ന ഇപ്പോൾ. ലളിതഗാനം, നാടൻ പാട്ട് വിഭാഗങ്ങളിൽ മത്സരിക്കുന്നുണ്ട്.

"ജീവിതം വോക്കറിലാണ്. സഹായിയെ ഉപയോഗിച്ചാണ് പരീക്ഷകൾ എഴുതുന്നത്. സ്വന്തമായി സ്റ്റിക്ക് ഉപയോഗിച്ച് നടക്കാനാകുന്ന നിലയിലേക്ക് മാറാനാകുമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഉറപ്പുനൽകിയിട്ടുണ്ട്. ജീവിതത്തിൽ സ്പീച്ച് തെറാപ്പിസ്റ്റ് ആകണമെന്നാണ് ആഗ്രഹം.

ഹന്ന ജോർജ്