hareeb-niyas
പിടിയിലായ ഹരീബും (വെള്ള ഷർട്ട്), നിയാസും (നീല ഷർട്ട്)

പത്തനംതിട്ട : വ്യാപാരിയെ കടയ്ക്കുള്ളിൽ കൊലപ്പെടുത്തി സ്വർണമാലയും പണവും കവർന്ന സംഭവത്തിൽ നാലുപേർ പിടിയിൽ. മൈലപ്ര പുതുവേലിൽ ജോർജ് ഉണ്ണൂണ്ണിയാണ് (73) കഴിഞ്ഞ 30ന് കൊല്ലപ്പെട്ടത്. തെങ്കാശി സ്വദേശി മുരുകൻ (42), മധുര സ്വദേശി സുബ്രഹ്മണ്യൻ (24), പത്തനംതിട്ട വലഞ്ചുഴി പള്ളിമുരുപ്പേൽ ഹാരിബ്(30), വലഞ്ചുഴി ജമീലാ മൻസിലിൽ നിയാസ് (32) എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതിയായ തമിഴ്നാട് സ്വദേശി മുത്തുകുമാരനെ (30) പിടികൂടാനായില്ല.

ഉണ്ണൂണ്ണിയുടെ കഴുത്തിൽ കിടന്ന ആറുപവന്റെ മാലയും പണവുമാണ് മോഷ്ടിച്ചത്. കടയിലെ സി.സി.ടി.വിയും ഹാർഡ് ഡിസ്കും നഷ്ടപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: മറ്റൊരു കേസിൽ തമിഴ്നാട്ടിലെ പാളയം ജയിലിൽ കഴിയുമ്പോഴാണ് ഹരീബും മുരുകനും പരിചയത്തിലാകുന്നത്. ശിക്ഷകഴിഞ്ഞിറങ്ങിയ ഹരീബ് ഒരു മാസം മുമ്പ് മൈലപ്രയിലെ കടയിൽ സാധനം വാങ്ങാനെത്തിയപ്പോഴാണ് ജോർജിന്റെ കഴുത്തിലെ മാല കാണുന്നത്. സ്ഥിരമായി മാല കഴുത്തിലുണ്ടെന്നും പോക്കറ്റിൽ ധാരാളം പണം സൂക്ഷിക്കാറുണ്ടെന്നും മനസിലാക്കി. ഉച്ചവെയിലിന് മറയായി കടയുടെ മുന്നിൽ പ്ളാസ്റ്റിക് ഷീറ്റ് കെട്ടിയിടാറുള്ളതിനാൽ ഉള്ളിൽ നടക്കുന്നത് പുറത്തറിയില്ലെന്നും മനസിലാക്കിയതോടെ

മുരുകനെ ഫോണിൽ വിളിച്ച് മോഷണം നടത്താൻ സഹായം ചോദിച്ചു. മുരുകൻ സുഹൃത്തുക്കളായ മൂന്ന് പേരുമായി പത്തനംതിട്ടയിലെത്തി. ഹരീബിന്റെ ബന്ധുവായ നിയാസിന്റെ ഓട്ടോറിക്ഷയിലാണ് ഇവർ വൈകിട്ട് 3.30ന് കടയ്ക്ക് സമീപമെത്തിയത്.

നിയാസും ഹരീബും ഓട്ടോയിലിരുന്നു. മറ്റുള്ളവർ കയർ വാങ്ങാനെന്ന വ്യാജേന കടയിൽ കയറി. ജോർജിനെ തള്ളിയിട്ട് വായിൽ തുണി തിരുകി കൈയും കാലും കെട്ടിയിട്ടു. കഴുത്തിൽ കുരുക്കിട്ട് മുറുക്കി കൊലപ്പെടുത്തിയ ശേഷം മാലയും പോക്കറ്റിലെയും മേശയിലെയും പണവും സ്വർണവും കവർന്നു. ഓട്ടോയിൽ തിരികെ കോളേജ് റോഡിലെ ജുവലറിയിലെത്തി മാല വിറ്റു. തുക കിട്ടാൻ വൈകുമെന്നറിഞ്ഞ് തമിഴ്നാട് സ്വദേശികൾ മടങ്ങി. രണ്ടു ദിവസം കഴിഞ്ഞ് പണം നിയാസിന്റെ അക്കൗണ്ടിലാണ് ജുവലറി ഉടമ നൽകിയത്. 2.33 ലക്ഷം രൂപ പൊലീസ് കണ്ടെത്തി. ജോർജിന്റെ പോക്കറ്റിൽ നിന്നെടുത്ത പതിനായിരം രൂപ ഹരീബിന്റെ വീട്ടിൽ നിന്ന് ലഭിച്ചു. ഇവർ സഞ്ചരിച്ച ഓട്ടോ പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്.

ജർമ്മൻ യുവതിയെ കുറ്റാലത്ത് പീഡിപ്പിച്ചത് ഉൾപ്പെടെ ഇരുപതോളം കേസുകളിലെ പ്രതിയാണ് മുരുകൻ. സുബ്രഹ്മണ്യൻ അഞ്ച് മോഷണ കേസുകളിൽ പ്രതിയാണ്. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ റിമാൻഡ് ചെയ്തു.