പത്തനംതിട്ട: പന്തളം കൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെ തുടർന്ന് ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്രാ ചടങ്ങുകളിൽ മാറ്റമുണ്ടാകും. ജനുവരി 13ന് പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുമെങ്കിലും രാജപ്രതിനിധിയും പരിവാരങ്ങളും പല്ലക്കുവാഹകരും ഉണ്ടാകില്ല. രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ നടക്കേണ്ട ചടങ്ങുകളും ഒഴിവാക്കും.
തിരുവാഭരണങ്ങൾ ക്ഷേത്രത്തിലേക്ക് മാറ്റി ദർശനത്തിന് വയ്ക്കില്ല. ശുദ്ധിവരുത്തിയ മറ്റൊരു സ്ഥലത്തേക്ക് തിരുവാഭരണ പേടകം മാറ്റി തുറക്കാതെതന്നെ ദർശനസൗകര്യമൊരുക്കും. പേടകം പുറത്തെടുക്കുന്നതു മുതൽ ഘോഷയാത്ര പുറപ്പെടുന്നതുവരെയുള്ള ചടങ്ങുകൾ കൊട്ടാരത്തിലെ അശുദ്ധിയില്ലാത്ത മറ്റ് അംഗങ്ങളാകും നിർവഹിക്കുന്നതെന്ന് കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ് ശങ്കർ വർമ, സെക്രട്ടറി എം.ആർ.സുരേഷ് വർമ എന്നിവർ പറഞ്ഞു. ശബരിമലയിലെ കളഭാഭിഷേകത്തിലും കുരുതിയിലും കൊട്ടാരം തീരുമാനിക്കുന്ന പ്രതിനിധി പങ്കെടുക്കും.