ചെങ്ങന്നൂർ: നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന കോടിയാട്ടുകര പള്ളിയോടം പുതുക്കി നിർമ്മിക്കുന്നു. ഇതിന്റെ ഭാഗമായി ഉളികുത്തൽ കർമ്മം പള്ളിയോട തച്ചൻ സന്തോഷ് ആചാരി നിർവഹിച്ചു. കോടിയാട്ടുകര പള്ളിയോട സേവാ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ബി ബാച്ച് പള്ളിയോടമാണ്. കോടിയാട്ടുകര. ട്രസ്റ്റ് പ്രസിഡന്റ് മുരളീധരൻ നായർ, സെക്രട്ടറി അനൂപ് രാജ്, ഖജാൻജി സതീശ് കുമാർ, രണ്ടാം വാർഡ് കൗൺസിലർ സുധാമണി, നിയുക്ത പള്ളിയോട പ്രതിനിധി എസ്.വി പ്രസാദ്, ട്രസ്റ്റിന്റെ ആദ്യ സെക്രട്ടറി പീറ്റർ ജോസ്, ട്രസ്റ്റിന്റെ മുൻ സെക്രട്ടറിയും ഓഡിറ്ററുമായിരുന്ന ബോധിനി പ്രഭാകരൻ നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇടയാറന്മുള കിഴക്ക് കരയിൽ പുതിയ പള്ളിയോടം നിർമ്മിച്ചപ്പോൾ 1999ൽ സർവജന പങ്കാളിത്തമുള്ള കോടിയാട്ടുകര പള്ളിയോട സേവാ ട്രസ്റ്റ് പഴയ പള്ളിയോടം വാങ്ങി. ഇതോടെ കൊടിയാട്ടുകര വീണ്ടും പള്ളിയോടക്കരയായി മാറി. ഒട്ടുമിക്ക ജലമേളയിലും പങ്കെടുത്തു സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 2015ലാണ് പുത്തൻ പള്ളിയോടം നിർമ്മിച്ചത്. ആ വർഷം ജലമേളയിൽ മികച്ച പ്രകടനം നടത്തി രണ്ടാം സ്ഥാനം നേടി. 41.25 കോൽ നീളവും 60 അംഗുലം ഉടമയും 17 അടി അമരപൊക്കവുമുണ്ട് പളളിയോടത്തിന്. മഹാഗണപതി ഹോമവും പറവഴിപാടും നടത്തിയ ശേഷമാണ് മാലിപ്പുരയിൽ സൂക്ഷിച്ചിരിക്കുന്ന കോടിയാട്ടുകര പളളിയോടം എല്ലാ വർഷവും നീറ്റിലിറക്കിയിരുന്നത്.