
പത്തനംതിട്ട : മൈലപ്രായിലെ വ്യാപാരി പുതുവേലിൽ ജോർജ് ഉണ്ണൂണ്ണിയെ (73) കൊലപ്പെടുത്തി സ്വർണവും പണവും അപരിഹരിച്ച സംഭവത്തിലെ പ്രതികൾ കൊടും ക്രിമിനലുകൾ. തെങ്കാശി സ്വദേശി മുരുകൻ (42), മധുര സ്വദേശി ബാലസുബ്രഹ്മണ്യൻ (42), വലഞ്ചുഴി പള്ളിമുരുപ്പേൽ ഹാരിബ് (30) , വലഞ്ചുഴി ജമീലാ മൻസിലിൽ നിയാസ് (32) എന്നിവരാണ് പിടിയിലായത്. തെങ്കാശി സ്വദേശി മുത്തുകുമാരനെ (30) ഇതുവരെ പിടികൂടാനായില്ല. മുരുകൻ തമിഴ്നാട്ടിൽ ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജർമൻ യുവതിയെ കുറ്റാലത്ത് പീഡിപ്പിച്ച കേസിലെ പ്രതിയാണിയാൾ. സുബ്രഹ്മണ്യൻ അഞ്ച് മോഷണക്കേസിലെ പ്രതിയാണ്. സ്പിരിറ്റ് കേസിൽ തമിഴ്നാട്ടിലെ പാളയം ജയിലിൽ ഹരീബ് കഴിയുമ്പോഴാണ് മുരുകനെ പരിചയപ്പെടുന്നത്. ഹാരീബിന്റെ ബന്ധുവാണ് നിയാസ്.
കയർ വാങ്ങാനെത്തി, കഴുത്തിൽ കുരുക്കുമുറുക്കി
നവംബർ അവസാനമാണ് ഹാരീബ് മൈലപ്രയിലെ ജോർജ് ഉണ്ണൂണ്ണിയുടെ കടയിലെത്തുന്നത്. തനിച്ച് കൃത്യം നടത്താൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ മുരുകനോട് സഹായം ചോദിക്കുകയായിരുന്നു. മുരുകനാണ് സുബ്രഹ്മണ്യനേയും മുത്തുകുമാരനേയും കൂട്ടി പത്തനംതിട്ടയിലെത്തുന്നത്. നിയാസിന്റെ ഓട്ടോ റിക്ഷയിൽ അഞ്ചംഗ സംഘം മൈലപ്രയിലെത്തി. മുരുകനും സുബ്രഹ്മണ്യനും മുത്തുകുമാരനുമാണ് കയർ വാങ്ങാനെന്ന വ്യാജേന കടയിലേക്ക് കയറുന്നത്. കയർ നോക്കുന്നതിനിടെ ജോർജ് ഉണ്ണൂണ്ണിയെ മുരുകൻ തള്ളിയിടുകയും തുണി തിരുകുകയും കഴുത്തിൽ കുരുക്കിടുകയും ചെയ്തു. മറ്റു രണ്ട് പേർ കയ്യും കാലും കെട്ടിയിട്ടു. ശേഷം മേശ വലിപ്പിലെ സ്വർണവും ജോർജിന്റെ പോക്കറ്റിലെ പതിനായിരം രൂപയും കഴുത്തിലെ ആറ് പവന്റെ മാലയും കവരുകയായിരുന്നു.
ഹാർഡ് ഡിസ്ക് കേരളത്തിൽ തന്നെ
തമിഴ്നാട്ടിലേക്ക് കടന്ന മൂവർസംഘത്തിന്റെ കയ്യിലായിരുന്നു സി സി ടി വി ക്യാമറയുടെ ഹാർഡ് ഡിസ്ക്. സംഭവത്തിന് ശേഷം ഇത് കൈക്കലാക്കുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങൾ ഇല്ലാതായതോടെ പൊലീസ് സ്വകാര്യ ബസിലെ ക്യാമറകൾ തേടി. അങ്ങനെയാണ് സംശയിക്കത്തക്ക സമയത്ത് ജോർജ്ജ് ഉണ്ണുണ്ണിയുടെ കടയ്ക്ക് മുന്നിൽ ഓട്ടോറിക്ഷ എത്തിയതായി കണ്ടെത്തിയത്. ഈ ഓട്ടോറിക്ഷയുടെ നമ്പർ കേന്ദ്രീകരിച്ചായി പിന്നീടുളള അന്വേഷണം. ആദ്യം നിയാസിലും ഹാരിബിലും. പിന്നീട് തമിഴ്‌നാട് സ്വദേശികളിലേയ്ക്കും എത്തുകയായിരുന്നു.
തെളിവെടുപ്പ് നടത്തി
നിയാസിന്റെയും ഹാരിബിന്റെയും വീട്ടിലും സ്വർണം വിറ്റ നഗരത്തിലെ ജൂവലറിയിലും കടയിലുമെത്തി പൊലീസ് തെളിവെടുത്തു. പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ പൊലീസ് കണ്ടെത്തി. പത്തനംതിട്ട അബ്ബാൻ ടവർ പാർക്കിംഗ് ഏരിയായിൽ നിന്നാണ് ഇത് കിട്ടിയത്. പ്രതികൾ അഞ്ച് പേരും മൊബൈൽ ഉപയോഗം കുറച്ചിരുന്നു. മുരുകനും സംഘവും പൂർണമായി മൊബൈൽ ഒഴിവാക്കിയിരുന്നു.