othera

പത്തനംതിട്ട: ക്യൂവിൽ പത്തു മണിക്കൂർവരെ നിൽക്കേണ്ടി വരുമെന്നറിഞ്ഞ് ചെന്നൈയിൽ നിന്ന് എത്തിയ കുട്ടികൾ ഉൾപ്പെടെയുള്ള 35 അംഗ തീർത്ഥാടകസംഘം ശബരിമല ദർശനത്തിന് കാത്തുനിൽക്കാതെ മടങ്ങി. പൊലീസിന്റെ നിസഹകരണവും കാരണമായി. വെള്ളിയാഴ്ച വൈകിട്ട് ആറിന് പമ്പയിൽ എത്തിയ സംഘമാണ് മടങ്ങിയത്.

മടക്കയാത്രയിൽ ശനിയാഴ്ച ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ പതിനെട്ട് പടികളുള്ള ഒാതറ പുന്നകാട് അയ്യപ്പ ക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞ് അവിടെയെത്തി ഇരുമുടിയഴിച്ച് നെയ് തേങ്ങയുടച്ചു. നെയ്യഭിഷേകവും നടത്തി. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സുരേഷ് നാരായണന്റെ നേതൃത്വത്തിൽ സൗകര്യമൊരുക്കി. ഇന്നലെ വൈകിട്ട് ആറിന് സംഘം ട്രെയിനിൽ നാട്ടിലേക്ക് മടങ്ങി.

പമ്പയിൽ കുളികഴിഞ്ഞ് മണൽപ്പുറത്ത് തീർത്ഥാടകർക്കുള്ള ക്യൂവിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ പൊലീസ് കുട്ടികളെയടക്കം തള്ളിപ്പുറത്താക്കിയെന്ന് സംഘത്തിലെ വിനോബാബു കേരളകൗമുദിയോടു പറഞ്ഞു. അഞ്ചും ആറും വയസുള്ള നാല് കുട്ടികളുണ്ടായിരുന്നു. ഇരുപത്തിനാല് വർഷമായി ശബരിമല ദർശനം നടത്തുന്ന തനിക്ക് ഏറ്റവും ക്രൂരമായ അനുഭവമാണ് ഇത്തവണയുണ്ടായത്. തമിഴ്നാട് സർക്കാരിന് പരാതി നൽകും. മാദ്ധ്യമങ്ങളെ കണ്ട് തങ്ങളുടെ അനുഭവം വിവരിക്കും. എന്നാൽ അടുത്ത വർഷവും ശബരിമലയിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയിലെ അഭിഭാഷകരും സർക്കാർ ഉദ്യോഗസ്ഥരുമടക്കം സംഘത്തിലുണ്ടായിരുന്നു.

രാജകുടുംബാംഗത്തിന്റെ മരണത്തെ തുടർന്ന് പന്തളം ധർമ്മ ശാസ്താക്ഷേത്രം അടച്ചതിനാൽ ഇവിടെയും സംഘത്തിന് ദർശനം നടത്താനായില്ല.