കോന്നി : തണ്ണിത്തോട് ജംഗ്ഷനിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി റോഡ് നവീകരിക്കുമെന്ന് അഡ്വ. കെ യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. മഴക്കാലത്ത് തണ്ണിത്തോട് ജംഗ്ഷനിൽ വെള്ളം കയറുന്നത് പരാതിക്കിടയാക്കിയിരുന്നതിനെ തുടർന്ന് റോഡ് നവീകരണത്തിനായി 90 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ജംഗ്ഷനിലെ ഇന്റർലോക്ക് നീക്കം ചെയ്ത് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്യും. റോഡിനു കുറുകെ ആവശ്യമായ പുതിയ കലുങ്ക് നിർമ്മിക്കും. വെള്ളം സമീപത്തെ തോട്ടിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നിർമ്മാണവും നടത്തും. തണ്ണിത്തോട്ടിലേക്ക് വരുന്ന വഴിയിൽ വന ഭാഗത്തു ഇന്റർലോക്കുകൾ തകർന്നു കിടക്കുന്നത് മാറ്റി നവീകരിക്കുകയും റോഡിന്റെ വശങ്ങൾ ഇടിഞ്ഞ ഭാഗങ്ങളിൽ സംരക്ഷണ പ്രവർത്തികൾ നിർമ്മിക്കുകയും ഐറിഷ് ഓട നിർമ്മിക്കുകയും ചെയ്യും. പ്രവർത്തിയുടെ ഭാഗമായി അഡ്വ. കെ യു ജനീഷ് കുമാർ എം.എൽ.എ സ്‌ഥലം സന്ദർശിച്ചു. പൊതുമരാമത്ത്അസി.എക്സിക്യൂട്ടീവ് എൻജിനീയർ ടി .മുരുകേഷ് കുമാർ, അസി.എൻജിനീയർ രൂപയ്ക്ക് ജോൺ, പഞ്ചായത്തംഗം കെ .ജെ. ജയിംസ് , പ്രവീൺ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.