പത്തനംതിട്ട : നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പാതയോര കൈവരികളിൽ വച്ചുപിടിപ്പിച്ച ചെടിച്ചട്ടികൾ മോഷണം പോയി. പ്രതികളെപ്പറ്റി പൊലീസിന് സൂചന ലഭിച്ചു. ശനിയാഴ്ച വെളുപ്പിന് പത്തനംതിട്ട സഹകരണ ബാങ്കിന് സമീപത്തു നിന്നാണ് രണ്ട് ചെടിച്ചട്ടികൾ മോഷ്ടിക്കപ്പെട്ടത്. ചില ഭാഗങ്ങളിൽ ചെടികൾ നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നതായും കണ്ടെത്തി. മോഷണത്തിനായി പ്രതികൾ ഉപയോഗിച്ച വാഹനവും മറ്റ് വിവരങ്ങളും നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. മോഷണം പോയ ചെടികൾ ഇരുന്ന കൈവരികളിൽ വീണ്ടും നഗരസഭ ചെടിച്ചട്ടികൾ സ്ഥാപിച്ചു.

വ്യാപാരികളുടെയും ജനങ്ങളുടെയും സഹകരണത്തോടെയാണ് പത്തനംതിട്ട നഗരസഭ ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ജനറൽ ആശുപത്രി മുതൽ സെൻട്രൽ ജംഗ്ഷൻ വരെ പാതയോരത്തെ കൈവരികളിൽ ചെടികൾ വച്ച് മനോഹരമാക്കിയ നഗരസഭയുടെ പ്രവർത്തനം പ്രശംസ നേടിയിരുന്നു. ചെടികളുടെ പരിപാലനം വ്യാപാരികൾ നടത്തി വരുന്നതിനിടയിലാണ് മോഷണം നടന്നത്. നഗരസഭാ സെക്രട്ടറി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.