sabari

ശബരിമല: മകരജ്യോതി ദർശനത്തിന് മുന്നോടിയായി ശബരിമലയിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. 15നാണ് മകരവിളക്ക്. അന്നേദിവസം ദീപാരാധനയ്ക്കുശേഷമാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്നത്. മകരജ്യോതി ദർശനം പുണ്യമായിട്ടാണ് തീർത്ഥാടകർ കരുതുന്നത്. മകരവിളക്കിന് ദിവസങ്ങൾക്കു മുൻപുതന്നെ പൂങ്കാവനത്തിൽ തീർത്ഥാടകർ സംഘമായെത്തി പർണ്ണശാലകൾ കെട്ടി തമ്പടിക്കും. എല്ലാവർഷവും ലക്ഷക്കണക്കിന് തീർത്ഥാടകരാണ് അന്നേദിവസം ശബരിമലയിലേക്ക് എത്തുന്നത്. സുരക്ഷ മുൻനിറുത്തി മകരവിളക്ക് ദിനത്തിൽ 40000വും തലേദിവസവും 50000വുമായി പൊലീസിന്റെ നിർദ്ദേശ പ്രകാരം വെർച്വൽ ക്യൂ ബുക്കിംഗിൽ കുറവ് വരുത്തിയിട്ടുണ്ട്. മാത്രമല്ല 10 മുതൽ സ്പോട്ട് ബുക്കിംഗ് പൂർണമായി നിറുത്തുകയും ചെയ്തു. ഇക്കാരണത്താൽ ദിവസങ്ങൾക്ക് മുൻപുതന്നെ പൂങ്കാവനത്തിൽ തീർത്ഥാടകർ എത്തി തമ്പടിക്കുമെന്നാണ് ദേവസ്വം ബോർഡ് കണക്കുകൂട്ടുന്നത്. ആദ്യഘട്ടം എന്ന നിലയിൽ പാണ്ടിത്താവളത്ത് മകരവിളക്ക് ദൃശ്യമാകുന്ന ഭാഗങ്ങൾ ശുചീകരിക്കുകയും അപകടസാദ്ധ്യത ഉള്ളഭാഗങ്ങളിൽ ഇരുമ്പ് ചാനലുകൾ സ്ഥാപിച്ച് വടംകെട്ടുകയും ചെയ്യും. തീർത്ഥാടകർക്ക് ചുക്കുവെള്ളം ലഭ്യമാക്കും. ഈ ഭാഗങ്ങളിൽ വെദ്യുത വിളക്കുകളും സ്ഥാപിക്കും.

സുരക്ഷിതമായ ദർശനമൊരുക്കും

മകരജ്യോതി ദർശനവും തിരുവാഭരണം ചാർത്തിയുള്ള അയ്യപ്പ ദർശനവും സുഖവും സുരക്ഷിതവുമായി ഒരുക്കാനാണ് ദേവസ്വം ബോർഡിന്റെ ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് മുന്നൊരുക്കങ്ങൾ നേരത്തെതന്നെ ആരംഭിച്ചത്. മകരവിളക്ക് ദിനത്തിൽ സന്നിധാനം അന്നദാനമണ്ഡപത്തിന് പുറമേ പാണ്ടിത്താവളം മാഗുണ്ട നിലയത്തിനു മുൻഭാഗത്ത് പതിനായിരം അയ്യപ്പ ഭക്തർക്ക് അന്നദാനം നൽകും. ഇതിനു പുറമേ പൈപ്പുവഴി കുടിവെള്ളവും ഔഷധ വെള്ളവും ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. അരവണ കണ്ടെയ്നറുകൾ ആവശ്യത്തിന് എത്തിയതോടെ അരവണ ക്ഷാമവും പരിഹരിക്കപ്പെട്ടതായി ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ പറഞ്ഞു.