ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്തിലൂടെ കടന്നുപോകുന്ന വരട്ടാറിനു കുറുകെയുള്ള തെക്കുംമുറി പാലത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് തുടരുന്നു. ഡിസംബറിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽകാലം തെറ്റി പെയ്ത മഴയും വെള്ളപ്പൊക്കവും കണക്കുകൂട്ടലുകൾ തെറ്റിച്ചു. മാർച്ച് 31ന് മുൻപായി സമീപ റോഡിന്റെയും പാലത്തിന്റെയും നിർമ്മാണം പൂർത്തിയാകുമെന്നാണ് റീബിൽഡ് കേരള അധികൃതർ പറയുന്നത്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ചെങ്ങന്നൂർ മണ്ഡലത്തിൽ നിർമ്മിക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് തെക്കുംമുറി പാലം. ആറു കോടി രൂപയോളം ചെലവഴിച്ചാണ് പുതിയ പാലം നിർമ്മിക്കുന്നത്.
താത്ക്കാലിക പാലത്തിന്റെ അവസ്ഥയും മോശം
രണ്ട് വർഷമായി നന്നാടിനെ ഒറ്റപ്പെടുത്തി ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയ പാലം പണി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ ശക്തമായ സമരപരിപാടികൾ നടത്തിയിരുന്നു. പാലം നിർമ്മാണം നീണ്ടുപോയതിനാൽ നന്നാടു ഭാഗത്തുള്ളവർ യാത്രാദുരിതം നേരിടുകയാണ്. നേരത്തെയുണ്ടായിരുന്ന പഴയപാലം പൊളിച്ചാണ് പുതിയ പാലം പണിയുന്നത്. ഇപ്പോൾ അക്കരെയിക്കരെ കടക്കാൻ താത്കാലിക ഇരുമ്പുപാലമാണുള്ളത്. ഇതിന്റെ അവസ്ഥയും മോശമാണ്.
ചുറ്റിത്തിരിഞ്ഞ് നാട്ടുകാർ
2021 ഡിസംബർ 13നാണ് തെക്കുംമുറി പാലം പൊളിച്ചത്. അരകിലോമീറ്റർ സഞ്ചരിച്ചാൽ എത്തേണ്ടിടത്ത് എത്താൻ ആറു കിലോമീറ്റർ വരെ ചുറ്റിയാണ് നാട്ടുകാർ സഞ്ചരിക്കുന്നത്.കുറ്റൂർ ഭാഗത്തു നിന്ന് തിരുവൻവണ്ടൂർ ഗവ.എച്ച്.എസ്.എസിൽ പഠിക്കുന്ന വിദ്യാർത്ഥികളും കിലോമീറ്ററുകൾ ചുറ്റിയാണ് സഞ്ചരിക്കുന്നത്.അതേ സമയം പൈലിംഗ് നടത്തുന്നതിലുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളും പുഴയിൽ അടിക്കടിയുണ്ടാകുന്ന ജലനിരപ്പുയർന്നതുമാണ് പാലം പണി വൈകാൻ കാരണമായതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
.........................................
നിർമ്മാണച്ചെലവ് 6 കോടി