
പത്തനംതിട്ട : കോഴഞ്ചേരി - ആറൻമുള - ചെങ്ങന്നൂർ റൂട്ടിൽ രാത്രി ഏഴിന് ശേഷം ബസ് സർവീസ് ഇല്ല. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്ന യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. അമിത കൂലി നൽകി ബദൽ മാർഗം സ്വീകരിക്കേണ്ടിവരുന്നു.
ആറൻമുളയിലെ ഗ്രാമപ്രദേശങ്ങളിൽ യാത്രാക്ലേശം രൂക്ഷമാണ്. കോന്നി മെഡിക്കൽ കോളേജ് - പത്തനംതിട്ട - ഇലന്തൂർ - കിടങ്ങന്നൂർ - വല്ലന - ചെങ്ങന്നൂർ റൂട്ടിൽ പുതിയ പെർമിറ്റ് അനുവദിച്ചെങ്കിലും ബസ് ഓടിതുടങ്ങിയില്ല. വല്ലന - എരുമക്കാട് - വഴി രണ്ട് ബസുകൾ ഓടിയിരുന്നു. കൊവിഡ് സമയത്ത് സർവീസ് നിറുത്തിയത് നാട്ടുകാരുടെ പ്രതിഷേധം മൂലം ഒരു ബസ് സർവീസ് നടത്തുന്നുണ്ട്. ഇലവുംതിട്ട മാർക്കറ്റ് സ്റ്റേ ബസ് നിറുത്തലാക്കി. മഞ്ഞനിക്കര തീർത്ഥാടക കേന്ദ്രം സ്ഥിതിചെയ്യുന്ന തിരക്കേറിയ പത്തനംതിട്ട - ഓമല്ലൂർ - മെഴുവേലി - കോട്ട - ചെങ്ങന്നൂർ റൂട്ടിൽ സർവ്വീസ് വെട്ടിക്കുറച്ചു. കാരിത്തോട്ട വഴിയുളള സർവീസ് നാമമാത്രമാണ്. പന്തളം - ആറൻമുള - എരുമേലി സർവീസുകളും നിറുത്തലാക്കി. പത്തനംതിട്ടയിൽ നിന്ന് ചെന്നീർക്കര, മുറിപ്പാറ, മുട്ടത്തുകോണം ഭാഗങ്ങളിലേക്ക് സ്കൂൾ, കോളേജ് സമയങ്ങളിലും ബസ് ഇല്ലാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വിദ്യാർത്ഥികളും ജീവനക്കാരും ഒാമല്ലൂർ കുരിശ് ജംഗ്ഷനിൽ നിന്ന് ഒാട്ടോറിക്ഷയിലാണ് യാത്ര ചെയ്യുന്നത്.
ബസ് വേണ്ടത്
കോഴഞ്ചേരി - ആറൻമുള - ചെങ്ങന്നൂർ റൂട്ടിൽ (രാത്രി ഏഴിന് ശേഷം)
കോന്നി മെഡി.കോളേജ് - പത്തനംതിട്ട - ഇലന്തൂർ -കിടങ്ങന്നൂർ വല്ലന - ചെങ്ങന്നൂർ റൂട്ടിൽ
പത്തനംതിട്ട - ഓമല്ലൂർ- മെഴുവേലി - കോട്ട - ചെങ്ങന്നൂർ റൂട്ടിൽ
ചെന്നീർക്കര - മുറിപ്പാറ - മുട്ടത്തുകോണം ഭാഗങ്ങളിലേക്ക്