temple-
ഫോട്ടോ :- ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ എത്തിയ തൃപ്പുത്താറാട്ട് ഘോഷയാത്രയെ ചുറ്റമ്പലത്തിനുള്ളിൽ മഹാദേവൻ സ്വീകരിക്കുന്നു

ചെങ്ങന്നൂർ: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത് ആറാട്ടിന് വൻ ഭക്തജനതിരക്ക്. മലയാള വർഷത്തെ നാലാമത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. ഇന്നലെ രാവിലെ 6.30 ന് തൃപ്പൂത്ത് തറയിൽ നിന്ന് ആറാട്ടിനായി ദേവിയെ ആറാട്ട് കടവിലേയ്ക്ക് എഴുന്നെള്ളിച്ചു. തുടർന്ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ആറാട്ട് നടന്നു. ആറാട്ടുകർമ്മങ്ങൾക്കും വിശേഷാൽ പൂജകൾക്കും തന്ത്രി കണ്ഠര് മോഹനര് മുഖ്യ കാർമ്മികത്വം വഹിച്ചു. ആറാട്ടിനു ശേഷം ദേവിയെ ആറാട്ടു പുരയിൽ പ്രത്യേക മണ്ഡപത്തിൽ എഴുന്നെള്ളിച്ചിരുത്തി.വിശേഷാൽ പൂജകളും പനിനീരും മഞ്ഞൾപൊടിയും ഇളനീരും പാലും എണ്ണയും കൊണ്ടു അഭിഷേകവും ശേഷം നിവേദ്യവും നടത്തി. 8ന് ആറാട്ട് ഘോഷയാത്ര മിത്രപ്പുഴ കടവിൽ നിന്ന് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.ആറാട്ട് കടവിലും, ആറാട്ടെഴുന്നെള്ളിപ്പ് കടന്നു വരുന്ന വഴികളിലും ഭക്തർ താലപ്പൊലി വഴിപാടുകൾ സമർപ്പിച്ചു. ഇതിനോടനുബന്ധിച്ച് അന്നദാന വിതരണം എന്നിവയുംനടന്നു. ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെത്തിയശേഷം പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഭക്തർ മഞ്ഞൾപ്പറ, നെൽപ്പറ സമർപ്പണം നടത്തി.തുടർന്ന് പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം അകത്തെഴുന്നെള്ളിപ്പും ഇരു നടയിലും കളഭാഭിഷേകവും നടന്നു. ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലുള്ള തൃപ്പൂത്ത് ആയാതിനാൽ വൻ ഭക്തജനത്തിരക്ക് അനുഭവപെട്ടു. ആറാട്ടിനു ശേഷം 12ദിവസം ഭക്തർക്കു പ്രത്യേക വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. അസി:ദേവസ്വം കമ്മീഷണർ ആർ.പ്രകാശ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആർ.രേവതി, ഉപദേശക സമിതി പ്രസിഡന്റ് രതീഷ് മംഗലം, സെക്രട്ടറി വൈശാഖ് എം എച്ച് , വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ, ജനറൽ കൺവിനർ അജി ആർ നായർ, എസ്.വി പ്രസദ്, കെ.കെ വിനോദ്കുമാർ, സജിത്ത് മംഗലത്ത് തുടങ്ങിയവർ നേതൃത്വം നൽകി.