
ശബരിമല : സന്നിധാനത്ത് പതിനെട്ടാംപടി കയറുന്നതിനിടെ തീർത്ഥാടകനെ പൊലീസ് മർദ്ദിച്ചതായി പരാതി. ബാംഗ്ലൂർ മൈസൂർ റോഡ് ടോൾ ഗേറ്റ് കസ്തൂരി വൈ നഗറിൽ എസ്.രാജേഷിന് (30) ആണ് മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് 5.30നാണ് സംഭവം. പുറത്ത് അടിയേറ്റ പാടുകളുണ്ട്. ബാംഗ്ലൂരിൽ നിന്ന് ഇരുപത്തിരണ്ട് അംഗ സംഘത്തോടൊപ്പം ദർശനത്തിന് എത്തിയതായിരുന്നു. സംഘാംഗമായ മുരളിയുടെ ആറു വയസുകാരനായ മകൻ രാജേഷിനൊപ്പമാണ് പടി ചവിട്ടിയത്. ഒപ്പം ഉണ്ടായിരുന്ന കുട്ടി വേഗത്തിൽ കയറുന്നില്ലെന്നാരോപിച്ച് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ മർദ്ദിച്ചുവെന്ന് രാജേഷ് പറഞ്ഞു. സന്നിധാനം ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞ നാലിന് തഞ്ചാവൂർ സ്വദേശി ദയാനന്ദ (24)നും പതിനെട്ടാംപടിയിൽ മർദ്ദനമേറ്റിരുന്നു.
അന്വേഷണം നടത്തും: മന്ത്രി കെ.രാധാകൃഷ്ണൻ
പൊലീസിന് എതിരെയുള്ള പരാതികളെ കുറിച്ച് സന്നിധാനം എ.ഡി.എമ്മിൽ നിന്ന് വിവരം തേടിയതായും അന്വേഷണം നടത്തുമെന്നും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.
തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ക്രമീകരണങ്ങൾ നടത്തുന്നതിനും വലിയ പങ്കാണ് പൊലീസ് നൽകുന്നത്. എന്നാൽ ക്രിമിനൽ മനോഭാവമുള്ള ചിലരാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ. ഇവരെ കണ്ടെത്തി ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അഡ്വ.എ.അജികുമാർ,
ദേവസ്വം ബോർഡ് അംഗം