കൊടുമൺ: ചെയ്ത പണിയുടെ കൂലി ചോദിച്ചതിന്റെ പേരിൽ യുവാവിനെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി. പന്തളം തെക്കേക്കര പറന്തൽ കുറവഞ്ചിറ മറ്റക്കാട്ടു മുരുപ്പെൽ തമ്പിക്കുട്ടനാണ് (38) പരിക്കേറ്റത്. പ്രതികളായ പന്തളം തെക്കേക്കര തട്ടയിൽ പറപ്പെട്ടി കുറ്റിയിൽ വീട്ടിൽ ബിനു (34), പറന്തൽ മാമൂട് പൊങ്ങലടി മലയുടെ കിഴക്കേതിൽ അനന്തു (28) എന്നിവരെ പറപ്പെട്ടിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മാമൂട് കനാൽ പാലത്തിൽ വച്ച് തമ്പിക്കുട്ടന് മർദ്ദനമേറ്റത്. ജോലിചെയ്തതിന് കിട്ടാനുള്ള പണം ചോദിച്ചപ്പോൾ തടഞ്ഞുനിറുത്തി ചീത്തവിളിച്ചുകൊണ്ട് ഇരുവരും ചേർന്ന് ആക്രമിക്കുകയായിരുന്നു. കല്ല് കൊണ്ട് ഇടിച്ച് തലയ്ക്കും കണ്ണിനും പരിക്കേറ്റു. തമ്പിക്കുട്ടനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറപ്പെട്ടിയിൽ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.