
അടൂർ : കല്ലട ഇറിഗേഷന്റെ മെയിൻ കനാൽ തുറക്കാൻ നടപടിയെടുത്തിട്ടും പണമില്ലാത്തതിനാൽ കനാൽ ശുചീകരണം നടക്കുന്നില്ല. മുൻ കാലങ്ങളിൽ കനാൽ തുറക്കുന്നതിന് മുൻപായി കനാലിന്റെ ഇരുവശങ്ങളിലേയും കാടുകളും ജലനിർഗമനത്തിന് തടസമായുള്ള മൺപുറ്റും നീക്കം ചെയ്യുന്നതായിരുന്നു കീഴ്വഴക്കം. എന്നാൽ വേനൽ കടുക്കാൻ തുടങ്ങിയതോടെ വലതുകര കനാലിലൂടെ ജലം തുറന്നുവിടുന്നതിനു് തീരുമാനമെടുത്തെങ്കിലും കനാൽ വൃത്തിയാക്കൽമാത്രം ഇനിയും ബാക്കിയാകുന്നു. കനാലിന്റെ ഇരുവശങ്ങളിലും കാട്മൂടികിടക്കുകയാണ്. കെ. ഐ. പി മെയിന്റനൻസ് വിഭാഗമാണ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടത്. ഇതിനാവശ്യമായ ഫണ്ട് കെ.ഐ.പിക്ക് ഇല്ലെന്നതാണ് ഇതിന് കാരണമായി പറയുന്നത്. കാടുമൂടിയതോടെ പലയിടത്തും കനാൽ കാണാൻപോലും കഴിയാത്ത സ്ഥിതിയാണ്. കനാൽ ജലം ലഭിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ വയലുകളിൽ വേനൽക്കാല കൃഷി ആരംഭിച്ചെങ്കിലും പലയിടത്തും വെള്ളം ഇല്ലാത്ത സ്ഥിതിയാണ്. ഇതോടെ കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്ന അവസ്ഥയാണ്. ഇടയ്ക്കിടെ ചെറിയ തോതിൽ മഴ ലഭിക്കുത്മാത്രമാണ് ഇപ്പോഴുള്ള ഏക ആശ്രയം. വരും ദിവസങ്ങളിൽ വേനൽ കടുത്താൽ കരിഞ്ഞുണങ്ങുന്നത് കർഷകരുടെ പ്രതീക്ഷകളാകും.
കൃഷി ചെയ്യാനാകാതെ കർഷകർ
ഒരു ഭാഗത്ത് കാട്ടുപന്നികൾ കൂട്ടത്തോടെ എത്തി കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ പലരും കൃഷിയിൽ നിന്നും പിന്മാറുന്ന സ്ഥിതിയാണ്. ഇതോടെ പലയിടങ്ങിലും വയലുകളും തരിശായി കിടക്കുകയാണ്. ഇതിനൊപ്പമാണ് കനാൽ ജലവും ലഭിക്കാതെ വരുന്ന അവസ്ഥ. കനാൽ വൃത്തിയാക്കിയാൽ മാത്രമേ ജലനിർഗമനം സുഗമമാകൂ. ഇതിന് നടപടി സ്വീകരിക്കേണ്ട അധികൃതർ മൗനം പാലിക്കുന്നത് കർഷകരോട് കാട്ടുന്ന അവഗണനയാണ്. കാർഷിക മേഖലകിൽ ജലം എത്തിക്കുക എന്ന ലക്ഷം മുൻനിറുത്തിയാണ് കെ. ഐ. പി കനാൽ നിർമ്മിച്ചത്. എന്നാൽ ഓരോ വർഷം കഴിയുന്തോറും ഇത് വേണ്ടത്ര ഫലം കാണുന്നില്ല. ഒട്ടുമിക്ക ഇടങ്ങളിലും കനാലിന്റെ സംരക്ഷണ ഭിത്തികൾ തകരാറിലാണ്. ഇതിന്റെ അറ്റകുറ്റ പണികൾക്കും നടപടിയില്ല. ഇത് കനാലിന്റെ തകർച്ചയ്ക്ക് ഇടയാകും. വശങ്ങളിൽ കാടുപിടിച്ച് അതിന്റെ വേരുകൾ മണ്ണിലേക്കിറങ്ങിയാണ് സംരക്ഷണ ഭിത്തികൾ ദുർബലമാകുന്നത്.
........................................................
കനാൽ വൃത്തിയാക്കാത്ത നടപടി പ്രതിഷേധാർഹമാണ്. ഇക്കാര്യത്തിൽ അധികൃതർ മൗനം വെടിയണം, ജലനിർഗമനം സുഗമമായാൽ മാത്രമേ വയലേലകിൽ ആവശമായ വെള്ളം ലഭ്യമാകൂ. ഇക്കാര്യത്തിൽ അടിയന്തര നടപടി കൈക്കൊള്ളണം.
പുതുവാക്കൽ കർഷക സമിതി,
പന്നിവിഴ, അടൂർ