മല്ലപ്പള്ളി : കീഴ് വായ്പൂര് നെയ്‌തേലിപ്പടി നാരകത്താനി റോഡിൽ ചാക്കമറ്റത്തെ ഇടുങ്ങിയ പാലം അപകടഭീഷണിയായി. കോട്ടയം കോഴഞ്ചേരി സംസ്ഥാനപാതയിൽ നെയ്‌തേലിപ്പടിയിൽ നിന്ന് പടുതോട് എഴുമറ്റൂർ ബസ്റ്റോ റോഡിലെ നാരകത്താനിയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ചാക്കമറ്റത്തെ പാലം നിർമ്മിച്ചിട്ട് 63 വർഷങ്ങൾ പിന്നിടുന്നു.ഇരു റോഡുകളും ബന്ധിപ്പിക്കുന്നതിനാൽ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. 1961 മാർച്ച് 3ന് ഗതാഗതത്തിനായി തുറന്നുകൊടുത്ത പാലം അക്കാലത്തുണ്ടായിരുന്ന പാലം നിർമ്മാണത്തിന് പേരുകേട്ട എൻ ഇ എസ് ബ്ലോക്കാണ് നിർമ്മിച്ചത് .വാഹനങ്ങളുടെ വലിയ തിരക്കില്ലാത്ത അക്കാലത്ത് വീതി പര്യാപ്തമായിരുന്നു എന്നാൽ ഇന്ന് വാഹനങ്ങളുടെ തിരക്ക് വർദ്ധിച്ചതോടെ പാലത്തിലൂടെ ഒരു ദിശയിലേക്ക് മാത്രമുള്ള യാത്ര തടസ്സം സൃഷ്ടിക്കുന്നു.
പാലത്തിന്റെ ഇരു ദിശകളും താഴ്ന്നുകിടക്കുന്നതും പാലത്തിന്റെ സമീപത്തെ വലിയ വളവും അപകട സാധ്യത വർദ്ധിപ്പിക്കുന്നു. 6 പതിറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിന്റെ നിലനിൽപ്പും ഭീഷണിയിലാണ്.
ഭീതിയിൽ നാട്ടുകാർ
പാലത്തിന്റെ അടിത്തട്ടിലെ ചില ഭാഗങ്ങളിൽ കോൺക്രീറ്റ് ഇളകി മാറി ഇരുമ്പ് കമ്പികൾ പുറത്ത് എത്തിയത് കാണാം. ഇരുവശങ്ങളിലേയും കോൺക്രീറ്റ് ഉറപ്പിച്ചിരിക്കുന്ന കരിങ്കൽ ഭിത്തികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ പാലത്തിന്റെ പ്രവേശന കവാടത്തിന് കുറച്ച് മാറി റോഡിന്റെ സംരക്ഷണഭിത്തി തകർന്ന് അപകടക്കെണി ഒരുക്കുന്ന തരത്തിൽ ഗർത്തം രൂപപ്പെട്ടതും ഇവിടെ യത്രദുരിതത്തിന് കാരണമാകുന്നു. .കഴിഞ്ഞ പ്രളയത്തിൽ പാലത്തോട് ചേർന്ന് തോടിന്റെ സംരക്ഷണഭിത്തികൾ തകർന്നത് പുനസ്ഥാപിക്കാൻ പ്രദേശവാസികൾ മുൻകൈയെടുത്തിട്ടും അധികാരികൾ തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപവും നാട്ടുകാർക്കിടയിലുണ്ട് . 2021 - 22 പദ്ധതി വർഷം ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപയുടെ റോഡ് നവീകരണം നടത്തിയെങ്കിലും പാലത്തിന്റെ കാര്യത്തിൽ ഇന്നും അധികൃതർ നിസംഗത കാട്ടുകയാണെന്നാണ് പ്രദേശവാസികളുടെ ആരോപണം.
സമീപപ്രദേശത്തെ ഇടുങ്ങിയ പാലങ്ങളുടെ നിർമ്മാണം പൂർത്തിയായിട്ടും നിരവധി വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന ചാക്കമറ്റം പാലത്തിന്റെ കാര്യത്തിൽ അധികൃതർ മൗനം പാലിക്കുകയാണ്. അടിയന്തരമായി പുതിയ പാലം നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കണം.
സുനിൽകുമാർ
പ്രദേശവാസി