gas

പ്രമാടം : പ്രമാടം ഗവ.എൽ.പി സ്കൂളിന്റെ പാചകപ്പുരയിലെ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്നത് പരിഭ്രാന്തി പരത്തി. സ്കൂൾ ജീവനക്കാരുടെയും ഫയർ ഫോഴ്സിന്റെയും സമയോചിതമായ ഇടപെടലിനെ തുടർന്ന് ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 9.45 ഓടെയാണ് സംഭവം. എൽ.കെ.ജി മുതൽ നാലാം ക്ളാസ് വരെ 250 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. രാവിലെ ഉച്ചഭക്ഷണം തയ്യാറാക്കാൻ ശ്രമിക്കുന്നതിനിടെ ഗ്യാസ് ചോർന്ന് തീ പടരുകയായിരുന്നു. പാചകക്കാരി വിവരം അറിയിച്ചതിനെ തുടർന്ന് അദ്ധ്യാപകർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. ഫയർ ഫോഴ്സ് എത്തി സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും സഹായത്തോടെ കുട്ടികളെ സ്കൂളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയ ശേഷം തീ അണയ്ക്കുകയായിരുന്നു. തുടർന്ന് സിലിണ്ടർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം ഗ്യാസ് ഏജൻസി അധികൃതരെ വിവരം അറിയിച്ചു. ഇവർ നടത്തിയ പരിശോധനയിൽ സിലിണ്ടറും ട്യൂബും തമ്മിൽ യോജിപ്പിക്കുന്ന ഭാഗത്തുണ്ടായ ഗ്യാസ് ചോർച്ചയാണ് തീപിടിത്തതിന് കാരണമെന്ന് കണ്ടത്തി.