photo
നിർദ്ദിഷ്ട പ്രമാടം ഔട്ട് ഡോർ സ്റ്റേഡിയത്തിന്റെ രൂപരേഖ

കോന്നി : പ്രമാടം പഞ്ചായത്തിലെ പൂങ്കാവ് ഇൻഡോർ സ്റ്റേഡിയത്തോടനുബന്ധിച്ച് അന്താരാഷ്ട്ര നിലവാരത്തിൽ ഔട്ട് ഡോർ സ്റ്റേഡിയത്തിനുള്ള പ്രോപ്പോസൽ കായിക വകുപ്പിന് സമർപ്പിച്ചു. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനുമായി അഡ്വ.കെ യു ജനീഷ് കുമാർ എം.എൽ. എ നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി. ആറുകോടി രൂപ ചിലവിൽ 125 മീറ്റർ നീളവും 85 മീറ്റർ വീതിയുമുള്ള സ്റ്റേഡിയത്തിന് സിന്തറ്റിക് ടർഫ് ഉപയോഗിച്ചുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള കോർട്ടും, കായികതാരങ്ങൾക്കുള്ള ഡ്രസിംഗ് റൂമുകൾ, ടോയ്‌ലറ്റുകൾ എന്നിവയും കാണികൾക്ക് മത്സരം കാണുന്നതിനുള്ള സ്റ്റെപ്പ് ഗാലറിയും കോർട്ടിനു ചുറ്റും ഫെൻസിംഗും ഉൾപ്പെടുത്തിയുള്ള ഡി.പി.ആർ ആണ് സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേന കായിക വകുപ്പിന് സമർപ്പിച്ചത്. സംസ്ഥാന സർക്കാർ കായിക വകുപ്പ് ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രമാടത്ത് ആധുനിക നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കുന്നത് സംബന്ധിച്ചാണ് എം.എൽ.എ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയത്.