ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്ക് ഓഫീസ് കെട്ടിടനിർമ്മാണം വൈകുന്നു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിട നിർമ്മാണത്തിന് 2020ലാണ് സംസ്ഥാന സർക്കാർ അഞ്ചുകോടി രൂപ അനുവദിച്ചത്. 2021 ഫെബ്രുവരി 15 ന് നിർമ്മാണോദ്ഘാടനം നടത്തി. പഴയ താലൂക്ക് ഓഫീസ് കെട്ടിടം പൊളിച്ചുനീക്കി പുതിയെ കെട്ടിടത്തിന്റെ പണി ആരംഭിക്കാനായിരുന്നു പദ്ധതി. . താലൂക്ക് ഓഫീസും ഇതിന്റെ പുറകിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസും മറ്റൊരു സ്ഥലത്തേക്ക് മാറ്റാനായിരുന്നു തീരുമാനം. എന്നാൽ ഏറെ വൈകി മൂന്ന് മാസം മുമ്പാണ് താലൂക്ക് ഓഫീസ് എം.സി റോഡിലെ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റിയത്. വില്ലേജ് ഓഫീസ് മാറ്റിയിട്ടുമില്ല. മിനി സിവിൽ സ്റ്റേഷനിലെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടത്തിൽ വില്ലേജ് ഓഫീസ് പ്രവർത്തിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിലും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. അടിയന്തര നടപടി വേണമെ ന്നാണ് നാട്ടുകാരുടെ ആവശ്യം.
മികച്ച സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കാനാണ് പദ്ധതി. ഡിസാസ്റ്റർ മാനേജ്‌മെന്റ് ആധുനിക സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള മുറികൾ, ആധുനിക റിക്കാഡു മുറികൾ, പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കേണ്ട ഉപകരണങ്ങൾ സൂക്ഷിക്കേണ്ട കെട്ടിടങ്ങൾ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനുള്ള കെട്ടിടങ്ങൾ, റവന്യൂ ഉദ്യോഗസ്ഥർക്ക് ജോലിചെയ്യാനുള്ള സൗകര്യപ്രദമായ കെട്ടിട സമുച്ചയം, അടിയന്തര ഘട്ടങ്ങളിൽ താമസിക്കാനുള്ള ക്വാർട്ടേഴ്സ്, ഡൈനിംഗ് ഹാൾ, അടുക്കള, കോൺഫറൻസ് ഹാൾ, ട്രെയിനിംഗ് സെന്റർ അടക്കം വിപുലമായ സംവിധാനങ്ങൾ ഉണ്ടാകും.