കുറ്റൂർ: കുറ്റൂർ ,തെങ്ങേലി, തിരുമൂലപുരം, തലയാർ എന്നിവിടങ്ങളിൽ തെരുവുനായ്ക്കളുടെ ആക്രമണം വർദ്ധിക്കുന്നു. പുലർച്ചെ പ്രഭാത സവാരി നടത്തുന്നവരെയും ഒറ്റയ്ക്ക് നടക്കുന്നവരെയുമാണ് കൂടുതലായും ആക്രമിക്കുന്നത്. ഇൗ ഭാഗത്ത് ആളുകൾ ആഹാരാവശിഷ്ടങ്ങൾ ഇടുന്നത് മൂലമാണ് നായ്ക്കളുടെ താവളമായത്. തെങ്ങേലി കുന്നേൽപ്പടി യിലെ വി.എക്സ്പ്രസ് എന്ന പാഴ്സൽ സർവ്വിസ് സ്ഥാപന നടത്തിപ്പുകാരൻ ബിനുതോമസിന് ആറ് മാസം മുമ്പ് ഇരുചക്രവാഹനത്തിൽ പോകുമ്പോൾ നായ് കുറുകെ ചാടി പരിക്കേറ്റിരുന്നു.
ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത തെങ്ങേലി കയ്യാലയ്ക്കാത്ത് രമ്യസന്തോഷ് , സനൂപ് എന്നിവർക്ക് കുറ്റൂർ ജംഗ്ഷനിൽ വച്ച് തെരുവ്നായ്ക്കളുടെ കടിയേറ്റിരുന്നു. തിരുമൂലപുരം ജംഗ്ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം രണ്ട് ദിവസം മുമ്പ് സ്കൂൾ കുട്ടികൾക്ക് തെരുവുനായ കടിച്ച് പരിക്കേറ്റതായി പരിസരവാസിയായ പ്ലാമ്പറമ്പിൽ റെജി യോഹന്നാൻ പറഞ്ഞു. പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.