ksrtc

പ്രമാടം : ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിൽ പ്രതീക്ഷയർപ്പിച്ച് ബസുകൾ വരുന്നതും കാത്തിരിക്കികയാണ് കോന്നി, പ്രമാടം ഗ്രാമപഞ്ചായത്ത് നിവാസികൾ. മൂന്ന് വർഷം മുമ്പ് കൊവിഡ് അതിവ്യാപനത്തെ തുടർന്നാണ് പത്തനംതിട്ട -പ്രമാടം - പൂങ്കാവ് - കോന്നി റൂട്ടിൽ ലാഭത്തിൽ സർവീസ് നടത്തിയിരുന്ന ഏഴ് ബസുകൾ കൂട്ടത്തോടെ നിറുത്തലാക്കിയത്. അന്ന് താത്കാലികമായാണ് സർവീസുകൾ നിറുത്തിയതെങ്കിലും പിന്നീട് ഒരിക്കലും ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് എത്തിയില്ല. മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിന് നിവേദനം നൽകി മടുത്ത നാട്ടുകാർ പുതിയ മന്ത്രിയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്.

ലാഭമായിരുന്ന സർവീസുകൾ

ഈ റൂട്ടിൽ എല്ലാ ബസുകളും ലാഭത്തിലായിരുന്നു സർവീസ് നടത്തിയിരുന്നത്. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെ ഒരു മണിക്കൂർ ഇടവിട്ടും വൈകിട്ട് മൂന്ന് മുതൽ രാത്രി എട്ട് വരെയും ചെയിൻ സർവീസ് നടത്തിയിരുന്നു. ചെയിൻ സർവീസുകൾ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു. പത്തനംതിട്ട, കോന്നി ഭാഗങ്ങളിലെ വിദ്യാഭ്യസ സ്ഥാപനങ്ങളിൽ പഠിക്കുന്ന നിരവധി കുട്ടികൾ ഈ റൂട്ടിലുണ്ട്.

വലഞ്ഞ് രോഗികളും

യഥാസമയം ബസ് സർവ്വീസ് ഇല്ലാത്തത് രോഗികളെയും വലയ്ക്കുന്നു. പ്രദേശത്തെജനങ്ങൾ കോന്നി മെഡിക്കൽ കോളേജ്, പത്തനംതിട്ട ജനറൽ ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളെയാണ് ആശ്രയിക്കന്നത്. ഒ.പി സമയം ആശുപത്രികളിൽ എത്താൻ കഴിയാതെയും സ്വകാര്യ വാഹനങ്ങൾക്ക് അമിത ചാർജ്ജ് നൽകിയും സാധാരണക്കാർ ബുദ്ധിമുട്ടുകയാണ്.

ഗുരുവായൂർ ഫാസ്റ്റും മുടങ്ങി

കോന്നി - പ്രമാടം - പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തിയിരുന്ന ഗുരുവായൂർ ഫാസ്റ്റും അടുത്തിടെ നിറുത്തി. കരിമാൻതോട്ടിൽ നിന്ന് പുലർച്ചെ നാലിന് പുറപ്പെട്ടിരുന്ന ബസ് യാതൊരു കാരണവുമില്ലാതെയാണ് നിറുത്തലാക്കിയത്. ലാഭത്തിലായിരുന്ന ഈ സർവീസ് ജില്ലയ്ക്ക് പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും എറണാകുളത്തെ ഉൾപ്പടെ ആശുപത്രികളിൽ ചികിത്സയ്ക്കായി പോകുന്നവർക്കും പ്രയോജനമായിരുന്നു.