
പന്തളം : സേഫ് സോൺ പദ്ധതി കൊണ്ടും പ്രയോജനമില്ല. എം.സി റോഡിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു. തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെയുള്ള 100 കിലോമീറ്ററിലാണ് എം.സി.റോഡിൽ ആദ്യമായി സേഫ് സോൺ പദ്ധതി നടപ്പാക്കിയത്. വർദ്ധിച്ചുവരുന്ന അപകടങ്ങൾ കുറയ്ക്കുക, സുഗമമായ യാത്ര സാദ്ധ്യമാക്കുക എന്നിവയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.കുരമ്പാല, പറന്തൻ,മെഡിക്കൽ മിഷൻ ജംഗ്ഷൻ , പന്തളം, കുളനട എന്നിവിടങ്ങളാണ് പ്രധാന അപകട മേഖലകൾ.
കുരമ്പാല പൊട്ടന്റയ്യത്ത് മുക്ക് ,പത്തിയിൽ പടി, ആലുംമൂട്ടിൽ എന്നിവിടങ്ങളിലും അപകടങ്ങൾ വർദ്ധിച്ചു. കെ. എസ്. ആർ.ടി. സി ബസിടിച്ചാണ് കൂടുതൽ അപകടങ്ങളും. കുരമ്പാല അമൃത സ്‌കൂളിന് മുൻവശത്ത് വളവാണ് പ്രധാന വില്ലൻ. വേണ്ടത്ര വീതി ഇല്ലെങ്കിലും അടൂരിൽ നിന്ന് വരുന്ന മിക്കവാഹനങ്ങളും ഇവിടെ ഓവർടേക്ക് ചെയ്യാറുണ്ട്. ഈ ദിശയിലെ റോഡ് അൽപ്പം വലതുഭാഗത്തേക്ക് ചാഞ്ഞു കിടക്കുന്നതിനാൽ ഓവർടേക്ക് ചെയ്തു കഴിയുമ്പോൾ ഇടതുഭാഗത്തേക്ക് കയറാൻ സാധിക്കാതെ വരുന്നതായി നാട്ടുകാർ പറയുന്നു. വാഹനങ്ങൾ അമിത വേഗത്തിലാണെങ്കിൽ അപകടം ഉറപ്പാണ്. വളവിലെ ഓവർ ടേക്കിങ്, വരകൾ മറികടക്കൽ, അശ്രദ്ധമായി വാഹനം തിരിക്കൽ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങൾ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ഡ്രൈവർമാർ ഉറങ്ങി വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെട്ട സംഭവങ്ങളുമുണ്ട്.
അമിതവേഗം , അശ്രദ്ധ
അമിതവേഗതയും അശ്രദ്ധയുമാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണം. വേഗത നിരീക്ഷിക്കാൻ ക്യാമറകൾ, പൊലീസ്, മോട്ടോർ വാഹന വകുപ്പ് പരിശോധന എന്നിവ ഉണ്ടായിട്ടും അപകടത്തിന് ഒരുകുറവുമില്ല . സംസ്ഥാനപാതയിൽ വാഹനാപകടങ്ങളും മരണവും കൂടുന്നത് സംബന്ധിച്ച് ട്രാൻസ്‌പോർട്ട് റിസർച്ച് ലബോറട്ടറി (ടി.ആർ.എൽ.) നടത്തിയ പഠനത്തിൽ റോഡരികിലെ പൊലീസ് സാന്നിദ്ധ്യം അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതിനായി പൊലീസ് സ്റ്റേഷൻ തലത്തിൽ വാഹനങ്ങൾ നൽകിയിരുന്നു. പ്രത്യേക പരിശീലനം നൽകിയ പൊലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിക്കുകയും ചെയ്തു. പക്ഷേ പ്രയോജനമുണ്ടായില്ല
പ്രധാന അപകടമേഖലകൾ
കുരമ്പാല, പറന്തൻ,മെഡിക്കൽ മിഷൻ ജംഗ്ഷൻ , പന്തളം, കുളനട
അപകടങ്ങൾ
2018ൽ- 18
2019 മുതൽ 2023 വരെ - 150
ചന്ദ്രബാലു മരിച്ചത് ബൈക്ക് മറിഞ്ഞ്
ബൈക്ക് നിയന്ത്രണം വിട്ട് അടൂർ പഴകുളം ആലുംമൂട് ആലിന്റെ തെക്കേതിൽ പരേതനായ ചന്ദ്രശേഖരപിള്ളയുടെ മകൻ ചന്ദ്രബാലു (23) മരിച്ചതാണ് അപകട പരമ്പരയിലെ ഒടുവിലത്തെ സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കുരമ്പാലയ്ക്കും പറന്തലിനുമിടയിൽ ആലുംമൂട്ടിൽ പടിയിലായിരുന്നു അപകടം.
എറണാകുളത്ത് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായചന്ദ്രബാലു പന്തളം ഭാഗത്ത് നിന്ന് അടൂരിലേക്ക് പോകുമ്പോൾ ബൈക്ക് നിയന്ത്രണം വിട്ടു മറിയികയായിരുന്നു. പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അമ്മ: കുമാരിയമ്മ (അങ്കണവാടി അദ്ധ്യാപിക). സഹോദരി: ചൈതന്യ.