പത്തനംതിട്ട: സി.പി.ഐ ജില്ലാ സെക്രട്ടറിയായിരുന്ന എ.പി ജയനെതിരെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ച അച്ചടക്ക നടപടി റിപ്പോർട്ട് ചെയ്യാൻ കൂടിയ ജില്ലാ എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളിൽ സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനം. ജില്ലാ എക്‌സിക്യൂട്ടീവിൽ അംഗങ്ങളായ മുൻ ജില്ലാ സെക്രട്ടറി മുണ്ടപ്പള്ളി തോമസ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ആർ ഗോപിനാഥൻ എന്നിവർ എ.പി ജയനെതിരായ നടപടിയെ ചോദ്യം ചെയ്തു. സംസ്ഥാന നേതാക്കളായ ബിനോയ് വിശ്വം, അഡ്വ.പ്രകാശ് ബാബു, പി.പി സുനീർ, ജി.ആർ അനിൽ, മുല്ലക്കര രത്‌നാകരൻ എന്നിവരെ ഇരു നേതാക്കളും പ്രതിഷേധം അറിയിച്ചു. ജയനെതിരായ നടപടി ഏകപക്ഷീയവും വസ്തുതകൾക്ക് വിരുദ്ധവമാണെന്ന് മുണ്ടപ്പള്ളി തോമസും പി.ആർ ഗോപിനാഥനും ചൂണ്ടിക്കാട്ടിയതായി അറിയുന്നു.
ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലും ജയനെതിരായ നടപടിക്കെതിരെ വിമർശനമുയർന്നു. പാർട്ടി അന്വേഷണ കമ്മീഷൻ ജില്ലയിലെ മുതിർന്ന നേതാക്കളെ ആരെയും കേൾക്കാതെയാണ് റിപ്പോർട്ട് നൽകിയത്. ജയനെതിരായ നടപടി പുന:പരിശോധിക്കണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടു.
ജയനെതിരായ നടപടിക്ക് പ്രധാന കാരണമായി പറഞ്ഞിരുന്നത് പശുഫാം സംബന്ധിച്ച അഴിമതിയായിരുന്നു. ഇന്നലെ ചേർന്ന ജില്ലാ എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളിൽ നടപടിയെക്കുറിച്ച് റിപ്പോർട്ട് ചെയ്തെങ്കിലും അഴിമതി സംബന്ധിച്ച് ഒന്നും വ്യക്തമാക്കിയില്ല.