കുറ്റപ്പുഴ - മുത്തൂർ റോഡിൽ പൈപ്പ് പൊട്ടിയൊഴുകുന്നു

തിരുവല്ല: കുറ്റപ്പുഴ - മുത്തൂർ റോഡിൽ പൈപ്പ് പൊട്ടി ഒരാഴ്ചയിലേറെയായി കുടിവെള്ളം പാഴാകുന്നു. വെള്ളം നൂറ് മീറ്ററിലധികം റോഡിലൂടെ പരന്നൊഴുകുകയാണ്. ഈമാസം രണ്ടുമുതൽ റോഡരുകിലെ നാലാംവേലിൽ വീടിന് സമീപത്താണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. വാട്ടർ അതോറിറ്റി അധികൃതരെ നാട്ടുകാർ വിവരം അറിയിച്ചെങ്കിലും ഇപ്പോഴും അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. അടുത്തകാലത്ത് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മിച്ച റോഡാണിത്. ചോർച്ച കണ്ടെത്തിയിട്ടുള്ളത് ഇന്റർലോക്ക് ചെയ്തിരിക്കുന്ന ഭാഗത്താണ്. പൊതുമരാമത്ത് അധികൃതരുടെ അനുമതി കിട്ടാത്തതിനാലാണ് അറ്റകുറ്റപ്പണികൾ ചെയ്ത് ചോർച്ച പരിഹരിക്കാത്തതെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ നൽകുന്ന വിശദീകരണം. കഴിഞ്ഞദിവസം പമ്പിംഗ് മോട്ടോർ തകരാറിലായതിനെ തുടർന്ന് മൂന്ന് താലൂക്കുകളിലെ നിരവധി സ്ഥലങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങി ജനങ്ങൾ ജലക്ഷാമം നേരിടുമ്പോഴാണ് ഇവിടെ രാപകൽ കുടിവെള്ളം പാഴാകുന്നത്.